കൊച്ചി: ശബരിമലയിൽ തീർത്ഥാടകർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ചിലെ ജഡ്ജിമാർ 8ന് സന്ദർശനം നടത്തും.ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരാണ് രാവിലെ 10.30ന് സന്നിധാനത്തെത്തുക.ശബരിമല സ്പെഷ്യൽ കമ്മിഷണറും ശബരിമല വികസന പദ്ധതി എക്സിക്യുട്ടീവ് എൻജിനീയറും അസി. എൻജിനീയറും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സി. എൻജിനീയറും ഉണ്ടാകണമെന്ന് കോടതി ഉത്തരവിട്ടു.ശബരി ഗസ്റ്റ്ഹൗസിലും സ്റ്റാഫ് ക്വാർട്ടേഴ്സിലും അറ്റകുറ്റപ്പണിക്ക് അനുമതി തേടി തിരുവിതാകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിൽ ദേവസ്വം ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സന്ദർശനം.തുടർന്ന് 16ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടത്തി തീരുമാനങ്ങളെടുക്കും.