വൈപ്പിൻ : തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം ചെറായി ദേവസ്വംനടയിൽ നടന്ന സംഘർഷത്തിൽ മുനമ്പം, പള്ളിപ്പുറം സ്വദേശികളായ 15 പേർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു. കൊട്ടിക്കലാശത്തിനായി ജംഗ്ഷന്റെ വടക്കുവശം എൽ.ഡി.എഫ്, തെക്കുവശം യു.ഡി.എഫ്, പടിഞ്ഞാറുവശം എൻ.ഡി.എ എന്നിങ്ങനെ വേർതിരിച്ചാണ് പ്രവർത്തകരെ അണിനിരത്തിയിരുന്നത്. കൊട്ടിക്കലാശം മുറുകുന്നതിനിടെ തെക്ക് വശത്തുണ്ടായ സംഘ‌ർഷത്തിൽ 3 യു.ഡി.എഫ് പ്രവർത്തകർക്കും ഒരു എൽ.ഡി.എഫ് പ്രവർത്തകനും പരിക്കേറ്റിരുന്നു. യു.ഡി.എഫ് പക്ഷത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി. പി. ശിവദാസൻ, മക്കളായ ശബരിനാഥ്, സച്ചിദേവ് എന്നിവർക്കാണ് പരിക്കേറ്റത്.

മാസങ്ങൾക്ക് മുൻപ് ശിവദാസൻ പരാതിക്കാരനായി മുനമ്പം പൊലീസ് എടുത്ത കേസിൽ ചെറായിയിലെ മത്സ്യവിൽപ്പനക്കാരനും മക്കളും അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിരുന്നു. മക്കൾ റിമാൻഡിലിരിക്കെ ജാമ്യത്തിലിറങ്ങിയ അച്ഛൻ ആത്മഹത്യ ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് കൊട്ടിക്കലാശ ദിനത്തിൽ സംഘർഷമുണ്ടായതെന്നാണ് സൂചന.