വൈപ്പിൻ: ചെറു മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം പിടിച്ചെടുത്തു. മുനമ്പത്തെ മിന്നൽ മാത, യേശുനാഥൻ എന്നീ ബോട്ടുകളാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്. മിന്നൽ മാതയിൽ നിന്ന് 2400 കിലോയും യേശുനാഥനിൽ നിന്ന് 1800 കിലോയും ചെറുമീനുകളാണ് പിടികൂടിയത്. ബോട്ടുകൾക്ക് രണ്ടരലക്ഷം രൂപ വീതം പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപ മിന്നൽ മാതായിൽ നിന്നും 35,600 രൂപ യേശുനാഥനിൽ നിന്നും സർക്കാരിലേക്ക് അടപ്പിച്ചു. ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു. വൈപ്പിൻ ഫിഷറീസ് അസി.ഡയറക്ടർ പി. അനീഷ്, ഇൻസ്‌പെക്ടർ മജ്ജിലാൽ, സബ് ഇൻസ്‌പെക്ടർ സംഗീത് ജോസ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർ നടപടികൾ സ്വീകരിച്ചു.