കൊച്ചി: വിശ്വാസവഞ്ചനക്കേസിൽ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. പറവ ഫിലിംസ് പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ നടപടി.ഹർജി വീണ്ടും പരിഗണിക്കുന്ന 22വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം.

സിനിമാ നിർമ്മാണത്തിന് 7കോടി നൽകിയ തന്നെ വഞ്ചിച്ചെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരമാണ് കേസ്.സിനിമ സാമ്പത്തികനേട്ടം കൈവരിച്ചിട്ടും കരാറിൽ പറയുന്ന പ്രകാരം മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് സിറാജിന്റെ ആരോപണം.എന്നാൽ സിനിമയുടെ കളക്‌ഷൻ തുക മുഴുവൻ കിട്ടിയിട്ടില്ലെന്നും കണക്കെടുപ്പ് നടന്നിട്ടില്ലെന്നും നിർമ്മാതാക്കൾ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞു. സാങ്കേതിക വിദഗ്ദ്ധരുടെയടക്കം പ്രതിഫലം നൽകിയിട്ടില്ല. സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാൻ തയ്യാറാണ്. സിറാജ് തിരക്കിട്ട് ക്രിമിനൽ കേസ് നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കേസിൽ നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാനാണ് നടപടിയെന്നും ഹർജിക്കാർ പറഞ്ഞു.