മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ പകുതി ചിലവ് എടുക്കാമെന്ന് റീ അഷുറൻസ് നൽകണമെന്നുള്ള റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കത്തിന് അഞ്ചു മാസം കഴിഞ്ഞിട്ടും അധികൃതർ മറുപടി നൽകാത്തതിൽ ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ പ്രതിഷേധിച്ചു. 2023 മാർച്ചിൽ ശബരി റെയിൽവേ പദ്ധതിയുടെ നിർമ്മാണ ചിലവ് പങ്കിടുന്നതിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുന്നെന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് അയച്ചിരുന്നു. റെയിൽവേ ധനകാര്യ വിഭാഗം അംഗീകരിച്ച പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ അംഗീകരിച്ചുകൊണ്ടും ചിലവ് പങ്കിടുന്നതിൽ റീ അഷുറൻസ് നൽകി കൊണ്ടുമുള്ള കത്ത് നൽകാത്തതിനാൽ ദക്ഷിണ റെയിൽവേ ബോർഡ് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കിഫ്‌ബിയുടെ സി.ഇ.ഒയും ഗതാഗത സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഗതാഗത വകുപ്പിലെയും ധനകാര്യ വകുപ്പിലെയും മുഴുവൻ ഉദ്യോഗസ്ഥരും പല തവണ ഫയൽ പരിശോധിച്ചിട്ടും ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിൽ തീരുമാനം ആയില്ല. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തിൽ ഫയൽ വീണ്ടും ധനകാര്യ വകുപ്പിന് കൊടുക്കാൻ മാത്രമാണ് തീരുമാനം. 400 കോടി രൂപ വീതം 5 വർഷം കൊണ്ട് സംസ്ഥാന വിഹിതം കണ്ടെത്തിയാൽ മതിയായിട്ടും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചും പകുതി ചിലവ് എടുക്കാമെന്ന് റീ അഷുറൻസ് നൽകിക്കൊണ്ടും റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കത്തിന് അഞ്ചു മാസം കഴിഞ്ഞിട്ടും മറുപടി നൽകാതെ ഉദ്യോഗസ്ഥർ ഫയൽ തട്ടികളിക്കുന്നതിലാണ് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ പ്രതിഷേധിച്ചത്. ഡിജോ കാപ്പൻ, മുൻ എം.എൽ.എ ബാബു പോൾ, ജിജോ പനച്ചിനാനി, ആർ. മനോജ്‌ പാലാ, അനിയൻ എരുമേലി, ജെയ്സൺ മാന്തോട്ടം, അജി ബി. റാന്നി തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയതും ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചതുമായ 3801 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ നേരത്തെതന്നെ അംഗീകരിച്ചിരുന്നു.

പകുതി നിർമ്മാണ ചിലവ് എടുക്കാമെന്ന ഉത്തരവ് 2015 ലും 2021 ലും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു.

സംസ്ഥാന ബജറ്റിൽ അനുവദിച്ചത്

2016ൽ 50 കോടി

2021ൽ 2000 കോടി