കൊച്ചി: വീട്ടിൽ കിടന്ന കാർ ടോൾ ഗേറ്റ് വഴി പോയെന്നു കാണിച്ച് ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് ഈടാക്കിയ 60 രൂപ ഉടമസ്ഥന് തിരികെ ലഭിച്ചു. കാർ കണ്ടെയ്‌നർ റോഡിലെ പൊന്നാരിമംഗലം ടോൾപ്ലാസ കടന്നു പോയെന്നാണ് സന്ദേശം വന്നത്.

ഏലൂർ ഗോപിനാഥ് എന്നയാളുടെ വീട്ടിൽ കിടന്ന കെ.എൽ- 41-എം- 3612 എന്ന കാറിന് വിഷുദിനത്തിൽ പണം നഷ്ടമായത്.
തുടർന്ന് കാറുടമ എൻ.എച്ച്.എ.ഐയുടെ 1033 ഹെല്പ് ലൈനിൽ വിളിച്ചറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ഫാസ്റ്റാഗ് എടുത്ത ബാങ്കായ കളമശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിൽ പരാതി നൽകി. 19 ദിവസം കഴിഞ്ഞാണ് തുക മടക്കി നൽകിയത്.

കമ്പ്യൂട്ടറിന് തകരാർ സംഭവിച്ചപ്പോൾ കൈകൊണ്ട് ടൈപ്പ് ചെയ്യേണ്ടി വന്നുവെന്നും അതിൽ വന്ന പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നുമാണ് ഹൈവേ അതോറിറ്റി നൽകിയ വിശദീകരണമെന്ന് ഏലൂർ ഗോപിനാഥ് വ്യക്തമാക്കി. ടോളിലെ സി.സി ടിവിയിൽ കാർ കടന്നുപോയതിന്റെ ദൃശ്യങ്ങളില്ലെന്നതും പരിഗണിച്ചു.