കൊച്ചി: ക്വട്ടേഷൻ സംഘം വീണ്ടും നഗരമദ്ധ്യത്തിലെ തണൽ മരത്തിന് കത്തിവച്ചു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് തണൽമരം കൂട്ടത്തോടെ വെട്ടിനശിപ്പിച്ചത്. പാലാരിവട്ടത്ത് രണ്ടുദിവസം മുമ്പ് വെട്ടിനശിപ്പിച്ചത് മൂന്നിലധികം തണൽ മരങ്ങളാണ്. പാലാരിവട്ടം എസ്.ബി.ഐയുടെ മുൻവശം ഓട്ടോറിക്ഷ തൊഴിലാളികൾക്കും കാൽനടയാത്രക്കാർക്കും തണലായിരുന്ന ഇലഞ്ഞി മരത്തിന്റെ മുഴുവൻ ചില്ലകളും കഴിഞ്ഞമാസം വെട്ടിനശിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം മരങ്ങൾ വെട്ടിയപ്പോൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് റിനൈ മെഡ്‌സിറ്റി സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ പറയുന്നു. പൊലീസിനു പുറമേ കൊച്ചി മേട്രോയിലും വനം വകുപ്പിലും പരാതി നൽകിയിരുന്നു. രാത്രി പിക്കപ്പ് വാഹനത്തിലെത്തുന്ന സംഘമാണ് മരം മുറിച്ചുകടത്തുന്നത്. റോഡരികിൽ ഏഴു വർഷം മുമ്പ് മെട്രോ അധികൃതർ നട്ട മരങ്ങളാണിത്. വേനൽക്കാലത്ത് ഇങ്ങനെ മരത്തിന്റെ ചില്ലകൾ മുറിച്ചു നശിപ്പിക്കുന്നത് മരത്തിന് തന്നെ ദോഷം ചെയ്യും. കഴിഞ്ഞ മാസം ചില്ലകൾ മുറിച്ച് മാറ്റിയ മരത്തിന്റെ തടി വെട്ടാനുള്ള ശ്രമങ്ങളും ഇത്തവണ നടന്നിട്ടുണ്ട്.
നിക്ഷിപ്ത താത്പര്യങ്ങളുള്ളവരുടെ ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഇത്തരം സംഘങ്ങൾ രാത്രിയിൽ മരങ്ങൾ മുറിക്കുന്നതിനു പുറമേ കരിഞ്ഞുപോകാൻ മെർക്കുറിയോ മറ്റു രാസവസ്തുക്കളോ പ്രയോഗിക്കും. മുമ്പും നഗരത്തിൽ സമാനമായ രീതിയിൽ മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്.
മരംവെട്ട് സ്ഥിരം
ഇടപ്പള്ളി ടോളിലും കഴിഞ്ഞ വർഷം സമാനരീതിയിൽ മരം മുറിച്ചു മാറ്റിയിരുന്നു. ജുമാ മസ്ജിദിനു മുന്നിൽ ദേശീയ പാതയിലെ അഞ്ച് തണൽമരങ്ങളാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. തത്പരകക്ഷികളിൽ നിന്ന് പണം കൈപ്പറ്റിയാണ് മരം മുറിച്ചുമാറ്റിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ക്വട്ടേഷൻ കൊടുക്കുന്നവരെ കണ്ടെത്താൻ ശ്രമങ്ങളുണ്ടാകാറില്ല. കടകളുടെയും മറ്റും ബോർഡ് മറയ്ക്കുന്ന രീതിയിൽ ചില്ലകൾ വളരുമ്പോൾ പലരും ഇത്തരത്തിൽ മരങ്ങൾ ക്വട്ടേഷൻ നൽകി മുറിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള സംഘമാണോ പാലാരിവട്ടത്തെ സംഭവത്തിനും പിന്നിലെന്ന സംശയത്തിലാണ് ഓട്ടോത്തൊഴിലാളികൾ.
തണൽ മരങ്ങളാണ് വെട്ടിനശിപ്പിക്കുന്നത്. വേനൽക്കാലത്ത് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ചൂട് സമയത്ത് മരത്തിന്റെ തണലിലാണ് ഇരുന്നത്. ശക്തമായ നടപടി എടുക്കണം
ജെയിംസ്
ഓട്ടോ ഡ്രൈവർ