മൂവാറ്റുപുഴ: പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ അബ്ദുസമദ് പൂക്കോട്ടൂർ നയിക്കുന്ന മൂവാറ്റുപുഴ ഹജ്ജ് ക്യാമ്പ് ഈ മാസം എട്ടിന് പള്ളിച്ചിറങ്ങര കെൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ശംസുൽ ഉലമ ഇസ്‌ലാമിക് ട്രസ്റ്റ്‌ ഭാരവാഹികളായ ചെയർമാൻ അലി പായിപ്ര, സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവർ അറിയിച്ചു. രാവിലെ 8. 30ന് രജിസ്ട്രേഷൻ ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിക്കും. അലി പായിപ്ര അദ്ധ്യക്ഷത വഹിക്കും. പെയിൻ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴൽ നാടൻ എം.എൽ.എ നിർവഹിക്കും. സാങ്കേതിക പഠന ക്ലാസിന് ഹജ്ജ് ട്രെയിനർ അഷ്കർ കണ്ടന്തറ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ആത്മീയ സദസിനും ദുആ സമ്മേളനത്തിനും സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി ബുഖാരി നേതൃത്വം നൽകും.