അങ്കമാലി: വിവിധ കേസുകളിൽ പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായി മൂക്കന്നൂർ മഞ്ഞിക്കാട് പാറമടയിൽ പോലീസ് സേന അലക്ഷ്യമായി പൊട്ടിച്ച ആഘാതത്തിൽ മൂക്കന്നൂർ, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു. സ്ഥലത്തെ ജനപ്രതിനിധികളെയോ ഗ്രാമപഞ്ചായതതിനെയോ അറിയിക്കാതെയാണ് സ്‌ഫോടനം നടത്തിയത്. ശ്രദ്ധയോടെ നിർവീര്യമാക്കേണ്ട സ്‌ഫോടക വസ്തുക്കൾ ഒന്നിച്ച് പൊട്ടിച്ചതിനാൽ 8 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രതീതിയിലുള്ള സ്‌ഫോടനമാണുണ്ടായത്. പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും അഗ്‌നി രക്ഷാസേനയും ഉൾപ്പെടുന്ന സംയുക്ത സേനാ സംഘം നടത്തിയ നിർവീര്യമാക്കൽ ദൗത്യത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണ്. നാശനഷ്ടങ്ങളുണ്ടായ വീടുകളും കെട്ടിടങ്ങളും പരിശോധിച്ച് യഥാർത്ഥ നഷ്ടം കണ്ടെത്തി തിട്ടപ്പെടുത്തുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.