ആലുവ: ആലുവ ഐ.എം.എക്ക് സമീപം പൈപ്പ് ലൈൻ റോഡിൽ വാട്ടർ അതോറിട്ടി സ്ഥാപിച്ച ക്രോസ് ബാർ ഒരു മാസത്തിനിടെ മൂന്നാമതും വാഹമിടിച്ച് തകർന്നു. പവർ ഹൗസ് റോഡിലെ പൊലീസിന്റെ വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാനും എളുപ്പത്തിൽ ജില്ലാ ആശുപത്രി പരിസരത്തേക്ക് എത്താനും ഇ.എസ്.ഐ റോഡിലൂടെ വരുന്ന വാഹനങ്ങളാണ് തുടർച്ചയായി ക്രോസ് ബാർ തകർക്കുന്നത്.
പൈപ്പ് ലൈൻ റോഡ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിനെ തുടർന്ന് ജനുവരിയിലാണ് ഐ.എം.എം, സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ ക്രോസ് ബാറുകൾ സ്ഥാപിച്ചത്. ഏപ്രിൽ ആദ്യവാരമാണ് ക്രോസ് ബാറിൽ ആദ്യം വാഹനം തട്ടിയത്. രാത്രി ആയതിനാൽ ഇടിച്ച വാഹനം കണ്ടെത്താനായില്ല. ക്രോസ് ബാർ ചെരിഞ്ഞ് നിൽക്കുന്നതിനിടെയാണ് ഒരാഴ്ച്ച പിന്നിട്ടപ്പോൾ പട്ടാപ്പകൽ മറ്റൊരു വാഹനം തട്ടിയത്. സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ വാഹനം ക്രോസ് ബാറിന്റെ മുകൾ വശത്തെ പൈപ്പ് വേർപ്പെടുത്തി. അറ്റകുറ്റപ്പണി ചെയ്ത് തരാമെന്ന് വാഹന ഉടമകൾ അറിയിച്ചതിനാൽ വാട്ടർ അതോറിട്ടി മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ല. ദിവസങ്ങൾക്കകം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ക്രോസ് ബാർ പുനസ്ഥാപിച്ചു.
നിലവാരമില്ലാത്ത വിധം അറ്റകുറ്റപ്പണി ചെയ്തതാണ് വിനയായത്. മൂന്നാമതും ഇടിച്ചപ്പോൾ നേരത്തെ കൂട്ടിയിഴപ്പിച്ച ഭാഗത്തെ വെൽഡിംഗ് വേർപ്പെടുകയായിരുന്നു. ഇതോടെ ക്രോസ് ബാർ പൂർണമായി റോഡിന്റെ വശത്തേയ്ക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. ഈ വാഹനത്തിന്റെ ഉടമകളും അറ്റകുറ്റപ്പണി നടത്തിത്തരാമെന്ന് ഉറപ്പ് നൽകിയതിയതിനാൽ വാട്ടർ അതോറിട്ടി ഇത്തവണയും നടപടികളൊന്നും സ്വീകരിച്ചില്ല. ക്രോസ് ബാർ പുനഃസ്ഥാപിച്ച ശേഷം കോൺക്രീറ്റ് കൂടി ഇട്ട് പൈപ്പ് ഉറപ്പിക്കാനാണ് തീരുമാനം.
പെരുമ്പാവൂർ ദേശസാത്കൃത റോഡ് വഴി നഗരത്തിലെത്തിയ ശേഷം എറണാകുളം, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകേണ്ട മിനി ലോറികളാണ് പവർഹൗസ് റോഡിലെ പതിവ് വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാനായി ഇ.എസ്.ഐ റോഡിനെ ആശ്രയിക്കുന്നത്.