കൊച്ചി: വഴിവിളക്കുകളില്ലാത്ത വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡ് രാത്രികാല വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. 2011ൽ റോഡ് തുറന്ന ശേഷം 25 ഓളം പേർ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർ ഇതിന്റെ പല മടങ്ങുവരും.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ എറണാകുളം അമ്മൻകോവിൽ റോഡ് പഴയരിക്കൽ വീട്ടിൽ നിരഞ്ജൻ (18) മരിച്ചു. മുന്നിലെ വാഹനം പൊടുന്നനെ നിറുത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട ബൈക്കിൽ നിന്ന് നിരഞ്ജൻ തെറിച്ചുവീഴുകയും പിന്നാലെ വന്ന വാഹനം ദേഹത്തു കയറുകയുമായിരുന്നു. പ്രദേശത്ത് സ്ട്രീറ്റ്ലൈറ്റ് ഉണ്ടായിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.

വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ പിന്നിൽ ഇടിച്ചാണ് അപകടങ്ങളിലേറെയും. മരണകാരണമായ അപകടങ്ങളിൽ ഏറെയും നടന്നത് രാത്രിയിലാണ്. ഇത്രയേറെ അപകടങ്ങളുണ്ടായിട്ടും റോഡ് വൈദ്യുതീകരണത്തിനായി ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.

 വൈദ്യുതീകരണം ഡി.പി.ആറിലില്ല
കണ്ടെയ്‌നർ റോഡ് നിർമ്മിക്കുന്നതിനായുള്ള ആദ്യ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടിൽ റോഡ് വൈദ്യുതീകരണത്തിനുള്ള നിർദ്ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്‌നർ ലോറികളെ മാത്രം ലക്ഷ്യമിട്ടുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്വകാര്യ വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് സ്ട്രീറ്റ് ലൈറ്റ് അത്യാവശ്യമായി വന്നത്.

2011ൽ പാത തുറന്നുകൊടുത്തെങ്കിലും നാലുവരിപ്പാത സഞ്ചാരയോഗ്യമായത് 2014 ലാണ്. വൈദ്യുതീകരണ ജോലികളും ജംഗ്ഷൻ വികസനവും പൂർത്തിയാകുന്നതിന് മുമ്പുന്നേ കരാറുകാരാർ ദേശീയപാത അതോറിട്ടിക്ക് റോഡ് കൈമാറിയിരുന്നു. റോഡിന്റെ നിർമ്മാണ കരാറിൽ വൈദ്യുതീകരണം ഉൾപ്പെട്ടിരുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്.

 17.2 കിലോമീറ്റർ

കളമശേരിയിൽ തുടങ്ങി വല്ലാർപാടത്ത് അവസാനിക്കുന്ന 17.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കണ്ടെയ്‌നർ റോഡ്.

കണ്ടെയ്‌നർ റോഡ് ശക്തിപ്പെടുത്തുന്നതിനും നവീകരണം നടപ്പിലാക്കുന്നതിനായി 91 കോടി പാസായിട്ടുള്ളതാണ്. എന്തുകൊണ്ടാണ് നിർമ്മാണം വൈകുന്നതെന്നതിന് എൻ.എച്ച്.എ.ഐയാണ് മറുപടി പറയേണ്ടത്

ഹൈബി ഈഡൻ എം.പി