chinmaya
ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബര രഥയാത്ര പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സ്വാമി ചിന്മയാനന്ദയുടെ 108-ാം ജയന്തിയും ആദിശങ്കരാചാര്യരുടെ ജയന്തി ആഘോഷങ്ങളും മുൻനി‌ർത്തി ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിന്മയശങ്കരം 2024ന്റെ വിളംബര രഥയാത്രയ്ക്ക് തുടക്കമായി. ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ശങ്കരാചര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന എറണാകുളം വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഡോ. ആനന്ദബോസ് ചിന്മയ ശങ്കരം ചീഫ് കോഓർഡിനേറ്റർ ബ്രഹ്മചാരി സുധീർ ചൈതന്യയ്ക്ക് പതാക കൈമാറി.

ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓർക്കുമ്പോൾ ഭഗവത്ഗീതയാണ് മനസിൽ നിറയുന്നതെന്ന് ബംഗാൾ ഗവർണർ പറഞ്ഞു. ചടങ്ങിൽ ഗവർണറുടെ പത്‌നി ലക്ഷ്മി ആനന്ദബോസ്, ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയശങ്കരം ജനറൽ കൺവീനർ എ.ഗോപാലകൃഷ്ണൻ, ചിന്മയമിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ എന്നിവർ സംസാരിച്ചു.

ചിന്മയ മിഷൻ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ട്രസ്റ്റി രാജേഷ് വി. പട്ടേൽ, ഡോ.സി.വി. ആനന്ദബോസിനും സി.എം.ഇ.സി.ടി.ജി.സി ട്രസ്റ്റി ഡോ. ലീല രാമമൂർത്തി, ലക്ഷ്മി ആനന്ദ ബോസിനും ഉപഹാരം സമ്മാനിച്ചു.

എറണാകുളം ജില്ലയിലുടനീളം പര്യടനം നടത്തുന്ന യാത്രയ്ക്ക് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പൻ മൈതാനിയിൽ സ്വീകരണം നൽകും. ഈ മാസം പന്ത്രണ്ടുവരെ എറണാകുളത്തപ്പൻ മൈതാനിയിലാണ് ചിന്മയ ശങ്കരം അരങ്ങേറുന്നത്. ചിന്മയ മിഷനിലെ ആചാര്യന്മാർക്കൊപ്പം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. പ്രഭാഷണങ്ങൾ, ഭഗവത് ഗീത, സൗന്ദര്യലഹരി പരായണം തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, സുപ്രീം കോടതിയിലെ അഭിഭാഷകൻ സായി ദീപക് തുടങ്ങിയവർ പങ്കെടുക്കും.