cana
ആലുവ ബൈപ്പാസിൽ പൊതുകാനയിൽ നിന്നും റോഡിലേക്ക് മാറ്റി നടപ്പാത നിർമ്മിക്കുന്നത് നാട്ടുകാർ തടഞ്ഞ അവസ്ഥയിൽ

ആലുവ: ആലുവ ബൈപ്പാസിൽ കൊച്ചി മെട്രോയുടെ നടപ്പാത നിർമ്മാണം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. പൊതുകാനക്ക് മുകളിൽ നിന്നും മാറ്റി റോഡിലേക്ക് നീക്കി നടപ്പാത നിർമ്മിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതേതുടർന്ന് അധികൃതർ നിർമ്മാണം നിർത്തിവച്ചു.

കൊച്ചി മെട്രോയുടെ നടപ്പാത നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കേയാണ് പ്രതിഷേധം. ബ്രിഡ്ജ് റോഡിൽ ബൈപ്പാസിൽ അങ്കമാലി ബസ് സ്റ്റോപ്പ് മുതൽ മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് തടഞ്ഞത്. ഈ ഭാഗത്തെ പൊതുകാന സമീപത്തെ കച്ചവടക്കാരെല്ലാം കൈയ്യടക്കിയിരിക്കുകയാണ്. ഇതിന് മുകളിൽ നടപ്പാത നിർമ്മിച്ചാൽ ഭൂരിഭാഗം വ്യാപാരികൾക്കും ബുദ്ധമുട്ടുണ്ടാകും. മാത്രമല്ല, നടപ്പാതയുടെ നിർമ്മാണ കരാറുകാർക്ക് കൂടുതൽ ഇരട്ടിപ്പണിയുമാകും. അതിനാൽ കാനയുടെ ഭാഗം ഒഴിവാക്കി റോഡിലേക്ക് ഇറക്കി നടപ്പാത നിർമ്മിക്കാനാണ് കരാറുകാരൻ ശ്രമിച്ചത്. ഇതിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുകയും ചെയ്തു. ഇതോടെയാണ് ബി.ജെ.പിക്കാർ പ്രതിഷേധവുമായെത്തിയത്.

റോഡിലേക്ക് നീക്കി നടപ്പാത നിർമ്മിച്ചാൽ ഈ ഭാഗത്തെ റോഡിന്റെ വീതി നഷ്ടപ്പെടുമെന്ന് സമരക്കാരും നാട്ടുകാരും പറയുന്നു. മെട്രോയുടെ സമീപമായതിനാൽ ഇവിടെ പലപ്പോഴും വാഹനങ്ങളുടെ തിരക്കുണ്ട്. അതിനാടെ റോഡിന്റെ വീതി കൂടി കവർന്നെടുത്താൽ പരിസരം കൂടുതൽ ഗതാഗതകുരുക്കിലാകുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ആരോപിച്ചു.

കാനയുടെ മുകളിൽ നടപ്പാത നിർമ്മിക്കണം

പൊതുകാനയുടെ മുകളിൽ നടപ്പാത നിർമ്മിക്കണം. റോഡിലേക്ക് നീക്കി നടപ്പാത നിർമ്മിക്കുന്നത് ഗതാഗതകുരുക്കിന് കാരണമാകും. നിലവിൽ വാഹനത്തിരക്കേറിയ ഭാഗമാണിത്. ഇക്കാര്യത്തിൽ അധികൃതർ ജനപക്ഷത്ത് നിന്ന് നടപടിയെടുക്കണം.

വി.ടി. സതീഷ്

പ്രസിഡന്റ്, കേരള സാംസ്കാരിക പരിഷത്ത്