പെരുമ്പാവൂർ: കീഴില്ലം മഹാദേവർ ക്ഷേത്രത്തെ ശബരിമല ഇടത്താവളത്തിന്റെ പേരിൽ കച്ചവട കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം തുടരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കീഴില്ലം പൂരപ്പറമ്പ് സംരക്ഷണ സമിതി അറിയിച്ചു. ക്ഷേത്ര ഭൂമിയുടെ പവിത്രതയും പ്രശാന്തതയും നശിപ്പിച്ച് മാലിന്യ കൂമ്പാരമാക്കുന്ന വികസന രീതിയെ എതി‌ർക്കുമെന്ന് സമിതി വ്യക്തമാക്കി. മണ്ഡലകാലത്ത് പൊട്ടി ഒലിക്കുന്ന കക്കൂസുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് ക്ഷേത്രപരിസരത്ത് ഭക്തരെ വരവേൽക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഭൂഗർഭ ജലവിതാനം കുറഞ്ഞതിനാൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയായിരുന്നു. അപകടകരമായ ഈ അവസ്ഥക്ക് ആക്കം കൂട്ടുന്നതാണ് ഹൈടെക് ഇടത്താവളം നടപ്പാക്കാനുള്ള പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പൂരപ്പറമ്പിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ തിരുവുത്സവത്തിന്റെ ഭാഗമായ വെടിക്കെട്ടും ഗജവീരൻമാരും തീവെട്ടിയും ദീപാലങ്കാരങ്ങളും ഒഴിവാക്കേണ്ടി വന്നേക്കും.