farcil
കടലിൽ കാണാതായ ഫർസിൽ ബാബു

മൂവാറ്റുപുഴ: ന്യൂസിലാൻഡിൽ റോക് ഫിഷിംഗിനുപോയി കടലിൽ കാണാതായ മൂവാറ്റുപുഴ കടാതി സ്വദേശി ചെമ്പകത്തിനാൽ ഫർസിൽ ബാബുവിനെ (36) കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി സൈന്യം ഹെലികോപ്ടറിൽ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ആഷ്ലി ന്യൂസിലാൻഡ് പൊലീസിന് കത്ത് നൽകി.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫർസിൽ ബാബുവിനൊപ്പമുണ്ടായിരുന്ന നെടുമുടി സ്വദേശി ശരത്‌കുമാറിന്റെ (37) മൃതദേഹം കണ്ടെത്തിയിരുന്നു. നോർത്ത് ലാൻഡിലെ വാങ്കാരെ ഹെഡ്‌സിലെ ഉൾക്കടൽ പ്രദേശമായ തൈഹരൂരിനടുത്തുള്ള പാറക്കെട്ടുകൾക്ക്സമീപം ബുധനാഴ്‌ച ഉച്ചയോടെ റോക് ഫിഷിംഗിനുപോയ ഇരുവരെയും കാണാതാവുകയായിരുന്നു. ഇരുവരും ബുധനാഴ്ച വൈകിട്ട് നാലോടെയാണ് റോക് ഫിഷിംഗിന് പോയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് കുടുംബം നോർത്ത് ലാൻഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബുധനാഴ്‌ച തന്നെ ഇരുവരുടേയും വാഹനവും മൊബൈൽഫോണും ഷൂസുകളും കടൽത്തീരത്തുനിന്ന് പൊലീസ് കണ്ടെത്തിരുന്നു. ഫർസിലും ശരതും കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണ് താമസംമാറിയത്.