തൃപ്പൂണിത്തുറ: ശാരീരിക അവശതകളെ അതിജീവിച്ച് മീനാക്ഷി എൻ. നവീൻ ഉയർന്ന മാർക്കോടെ എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹയായി. തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് 85 ശതമാനം ലോക്കോ മോട്ടോ ഡിസിബിലിറ്റിയുള്ള മീനാക്ഷി. മുമ്പ് എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയെങ്കിലും ഇക്കുറി ജില്ലയിൽനിന്ന് യു.എസ്.എസ് സ്കോളർഷിപ്പിൽ ഏറ്റവുമധികം മാർക്ക് വാങ്ങിയ കുട്ടികളിൽ നിന്ന് 'ഗിഫ്റ്റഡ് ചൈൽഡ്' ആയാണ് പ്രത്യേക കോച്ചിംഗിന് തിരഞ്ഞെടുക്കപ്പെട്ടത്. 2 മാസം മുമ്പ് ലായം കൂത്തമ്പലത്തിൽ വച്ച് നടന്ന ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി പഠന മികവിനൊപ്പം തന്റെ കലാപരമായ കഴിവും മീനാക്ഷി തെളിയിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം നവീൻ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗൺസിലറായ ശോണിമയുടെയും മകളാണ്. സഹോദരൻ മാധവ്.