ആലുവ: ആലുവ മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ശേഷിയേറിയ ട്രാൻസ്‌ഫോർമറുകൾ അധികമായി അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലുവ നിയോജക മണ്ഡലം പരിധിയിലെ കെ.എസ്.ഇ.ബി അധികൃതരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ഓഫീസുകളിൽ രാത്രി ഷിഫ്റ്റുകളിലെ പരാതികൾ പരിഹരിക്കാൻ രണ്ട് ജീവനക്കാരെ വീതം അധികമായി നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ എല്ലാ ഓവർ ഹെഡ് ലൈനുകൾ മാറ്റി, അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പെരുമ്പാവൂർ സബ് ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. വൈദ്യുതി ഉപയോഗം വളരെ കൂടിയ സാഹചര്യത്തിൽ അനാവശ്യമായതും അലക്ഷ്യവുമായതുമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണം. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഷംസുദ്ധീൻ, എ.വി. സുനിൽ, ജയ മുരളീധരൻ, സതി ലാലു, വൈസ് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, സിമി ടിജോ, ശോഭ ഭരതൻ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിനീയർ പി.കെ. രാജൻ, എക്‌സി എഞ്ചിനീയർമാരായ എം.എ. ബിജുമോൻ, കെന്നി ഫിലിപ്പ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആവശ്യമുള്ളത്
160 കിലോവാട്ട്സിന്റെ
60 ട്രാൻസ്‌ഫോർമറുകൾ
പുതിയ സബ്സ്റ്റേഷനുകൾ അനിവാര്യം
ശ്രീമൂലനഗരം ചൊവ്വര കടത്തുകടവിലും അത്താണി കാംകോയ്ക്ക് സമീപവും ആലുവ തോട്ടക്കാട്ടുകരയിലും പുതിയ സബ് സ്റ്റേഷനുകൾ വേണം ഈ സബ് സ്റ്റേഷനുകൾ വേഗത്തിൽ യാഥാർത്ഥ്യമാക്കണം.