നെടുമ്പാശേരി: മനുഷ്യന്റെ മനസിലെ തിന്മയെ ഇല്ലാതാക്കുന്ന പ്രക്രിയ ദേവാലയങ്ങൾ മുഖാന്തിരമാകണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലൂടെ ജനങ്ങളെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നവരാണ് പുരോഹിതർ. ഇത് ജീവിതാഭിലാഷമായി നടത്തിയതാണ് വയലിപറമ്പിൽ മാർ ഗ്രിഗോറിയോസിനെ പുണ്യശ്ലോകനായ തിരുമേനി എന്ന് സമൂഹം വിളിക്കാനിടയാക്കിയത്. വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി ജീവിതം സമർപ്പിച്ച പുണ്യ പിതാവായിരുന്നു വയലിപറമ്പിൽ തിരുമേനി എന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വയലി പറമ്പിൽ മാർ ഗ്രിഗോറിയോസ് അനുസ്മരണവും മുൻ വികാരിമാരെയും ഇടവക വൈദികരെയും ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജേക്കബ് മാത്യു പഴൂപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റിമാരായ വർഗീസ് മേനാച്ചേരി, മനോജ് ടി. പോൾ, ബർസൗമ റമ്പാൻ, കോർ എപ്പിസ്‌കോപ്പമാരായ വർഗീസ് പുളിയൻ, ടൈറ്റസ് വർഗീസ് , വർഗീസ് അരീക്കൽ, ഫാ. വർഗീസ് കല്ലാപ്പാറ, ഫാ. വിൽസൺ വർഗീസ്, ഫാ. കെ.ടി. യാക്കോബ്, ഫാ. വിൽസൺ വർഗീസ് കൂരൻ, ഫാ. ജിബി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.