മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ അതിരൂക്ഷമായ വരൾച്ച നേരിടാൻ സർക്കാരും ജലവിഭവ വകുപ്പും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാനില്ല. കുടിവെള്ള വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ നിരവധിയാണ്. ഇതിനായി സർക്കാർ വകയിരുത്തിയ പണവും അപര്യാപ്തമാണ്. കുടിവെള്ളമെത്തിക്കാനും അതിനായി പണം വകയിരുത്താനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. വരൾച്ചമൂലമുള്ള കൃഷിനാശത്തെകുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കണം. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണം. കൃഷിനാശ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജപ്തി നടപടികൾ നിർത്തിവച്ച് കടങ്ങൾ എഴുതി തള്ളാൻ നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.