കൊച്ചി: തുറിച്ചുനോക്കിയതിന്റെ ദേഷ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പതിനേഴുകാരനെ മറ്റൊരു 17കാരൻ ചില്ലുകുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഹൈക്കോടതി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ വച്ച് ആലപ്പുഴ കലവൂർ സ്വദേശിക്കാണ് വയറിലും പുറത്തും കുത്തേറ്റത്. ഇയാൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മട്ടാഞ്ചേരി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഹൈക്കോടതി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം.

എറണാകുളത്തെ ഹോട്ടലിൽ ജോലിക്കാരനായ ആലപ്പുഴ സ്വദേശി ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. തുറി​ച്ച് നോക്കിയതിന്റെ ദേഷ്യത്തിന് കൈയിലുണ്ടായിരുന്ന ചില്ലുകുപ്പി പൊട്ടിച്ച് തന്നെ പ്രതി കുത്തുകയായിരുന്നുവെന്നാണ് 17കാരന്റെ മൊഴി. യാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ ഫോർട്ടുകൊച്ചി സ്വദേശി ഓടിരക്ഷപ്പെട്ടു. സി.സി.ടിവി പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

അതേസമയം, തുറിച്ച് നോക്കിയതല്ല പ്രകോപന കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയും പരിക്കേറ്റയാളും ഒന്നിച്ച് ബംഗളൂരുവടക്കം സന്ദർശിച്ചിട്ടുണ്ട്. ഇവിടെ വച്ചുണ്ടായ തർത്തിന്റെ ബാക്കിയാണ് കൊച്ചി നഗരത്തിലുണ്ടായതെന്നാണ് കരുതുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് അന്വേഷി​ക്കുന്നത്.