മൂവാറ്റുപുഴ: കനാൽ മാലിന്യം ജനവാസ മേഖലയിൽ തള്ളിയ പെരിയാർവാലി അധികൃതരുടെ നടപടിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ. പെരിയാർ വാലി മുളവൂർ ബ്രാഞ്ച് കനാലിലെ പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ പൊന്നിരിക്കപറമ്പ് ഭാഗത്ത് അടിഞ്ഞ് കുടിയ മാലിന്യങ്ങളാണ് ജെ.സി.ബി ഉപയോഗിച്ച് വാരി സമീപത്തെ ജനവാസ മേഖലയിൽ തള്ളിയത്. ശനിയാഴ്ച ഉച്ചയ്ക്ക് പ്രദേശവാസികൾ ജോലിയ്ക്ക് പോയ സമയത്താണ് പെരിയാർവാലി അധികൃതരുടെ നടപടി. രാത്രിയായതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. ഡെങ്കിപനിയും മഞ്ഞപിത്തവുമടക്കം പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സമയത്ത് മാലിന്യം തള്ളിയ നടപടിക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ- ജലസേചന വകുപ്പ് മന്ത്രിമാർക്കും ഓംബുഡ്സ്മാനും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
നെല്ലിക്കുഴി മുതലുള്ള പ്ലാസ്റ്റിക്, അറവ്, മത്സ്യ കട മാലിന്യങ്ങളും വിവാഹ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ഒഴുകിയെത്തി പൊന്നിരിക്കപറമ്പ് ഭാഗത്തെ കലുങ്കിലാണ് അടിഞ്ഞ് കൂടുന്നത്. കുടിവെള്ളത്തിനും കൃഷിയ്ക്കും ഉപയോഗിക്കുന്ന കനാൽ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും സ്ഥിരമായ പ്രശ്നപരിഹാരമായില്ല. നാട്ടുകാർ പരാതിയുമായി രംഗത്തെത്തുന്നതോടെ പെരിയാർ വാലി അധികൃതർ മാലിന്യം നീക്കം ചെയ്ത് കനാൽ റോഡരികിൽ തള്ളുകയാണ് പതിവ്.
കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പെരിയാർവാലി അധികൃതർ തയ്യാറാകുന്നില്ല കനാലുകളുടെ സംരക്ഷണത്തിന് വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും പേരിന് സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്
പെരിയാർ വാലി കനാലിനെ മാലിന്യ മുക്തമാക്കുവാനുള്ള നടപടി സ്വീകരിക്കണം
ഒ.പി. കുര്യാക്കോസ്
പ്രസിഡന്റ്
മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാല