പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിലെ ഊട്ടുതിരുന്നാളിന് നാളെ രാവിലെ 10.15ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കൊടിയേറ്റും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും. തുടർന്നുള്ള തിരുന്നാൾ ദിനങ്ങളിൽ രാവിലെ 7നും വൈകിട്ട് 5.30നും കുർബാന, നൊവേന, ആരാധന എന്നിവയുണ്ട്. 11ന് വൈകിട്ട് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാസന്ധ്യ. 12ന് രാവിലെ 9.40ന് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിന്റെ കാർമ്മികത്വത്തിൽ കുർബാന. തുടർന്ന് തിരുന്നാളിന്റെ ഭാഗമായി നൽകുന്ന ചികിത്സാസഹായങ്ങളുടെ ഉദ്ഘാടനം. 13ന് വൈകിട്ട് 5.30നുള്ള കുർബാനയ്ക്ക് ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി കാർമ്മികത്വം വഹിക്കും. തിരുന്നാൾ ദിനമായ 14ന് രാവിലെ 6.15 മുതൽ രാത്രി 8.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും. രാവിലെ 10ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകും. 10.15ന് ബിഷപ്പ് ഊട്ടുസദ്യ ആശീർവദിക്കും. ഒരു ലക്ഷത്തിലേറെപ്പേർക്ക് നേർച്ചസദ്യ വിളമ്പും. ഒരേ സമയം ആയിരങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പള്ളിയങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. പാവറട്ടി വിജയന്റെ നേതൃത്വത്തിലാണ് നേർച്ചസദ്യ തയാറാക്കുക. തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ പറഞ്ഞു.