kuriyapilli-palam-
ദേശീയപാത 66ൽ മൂത്തകുന്നത്തിനടത്ത് നിർമ്മിക്കുന്ന കുര്യാപ്പിള്ളി പാലം

പറവൂർ: പുതിയ ദേശീയപാതയിൽ നിർമ്മിക്കുന്ന പറവൂർ പാലത്തിന്റെ ഉയരക്കുറവ് മൂലം നിർമ്മാണം നിർത്തിവെയ്ക്കാൻ തിരുമാനിച്ചതോടെ മൂത്തകുന്നം കുര്യാപ്പിള്ളി പാലം നിർമ്മാണവും പരിശോധിക്കണമെന്ന് ആവശ്യം. കുര്യാപ്പിള്ളി പാലവും ഉയരം കുറച്ച് പണിയാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന തൂണുകൾക്ക് നിലവിലുള്ള പാലത്തെക്കാൾ ഉയരം കുറവാണ്. തൂണിന്റെ ഉയരം കൂട്ടാതെ ഗർഡർ സ്‌ഥാപിച്ചാൽ പുതിയ പാലം നിലവിലുള്ള പാലത്തെക്കാൾ താഴ്ന്ന് നിൽക്കും. പെരിയാർ പുഴയുടെ കൈവഴി ബണ്ടുകെട്ടി അടച്ചാണ് കുര്യാപ്പിള്ളിയിൽ പാലം പണിയുന്നത്. ഇതിനാൽ കഴിഞ്ഞ മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. 1962ൽ പൊതുമരാമത്ത് വകുപ്പ് പണിത പാലവും 25 വർഷം മുമ്പ് ദേശീയപാത അതോറിട്ടി പണിതപാലവും ഇവിടെയുണ്ട്. ഈ രണ്ട് പാലങ്ങൾക്ക് ഇടയിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ വാഹനങ്ങൾ പോകുന്ന രണ്ട് പാലങ്ങളുടെ അടിയിലൂടെ വലിയ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാം. ജലസ്രോതസുകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലങ്ങൾക്ക് അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്ന നിയമം പാലിച്ച് ജലഗതാഗതത്തിന് തടസമില്ലാതെ തന്നെ പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2018ലെ പ്രളയത്തിന് ശേഷം ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി കുര്യാപ്പിള്ളി ഭാഗത്ത് പുഴയിലെ ചെളിനീക്കി ആഴം കൂട്ടിയിരുന്നു. ബണ്ട് കെട്ടിയുള്ള പാലം പണിയോടെ പുഴ വീണ്ടും നികന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കരിങ്കല്ല്, മണ്ണ് എന്നിവയുടെ ക്ഷാമം രൂക്ഷമായതോടെ നിർമ്മാണരീതിയിൽ മാറ്റമുണ്ടായതിനാലാണ് പാലങ്ങളും ഉയരം കുറച്ച് പണിയുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. പാലങ്ങളുടെ ഉയരക്കുറവ് സംബന്ധിച്ചുള്ള നാട്ടുകാർക്ക് ആശങ്ക ഉണ്ടാകുന്ന സാഹചര്യത്തിൽ കുര്യാപ്പിള്ളി പാലം നിർമ്മാണം ഉടൻ പരിശോധിക്കണമെന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ആവശ്യപ്പെട്ടു.