fact

 ഏലൂർ ഫാക്ട് സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമം മേയ് 11, 12 തീയതികളിൽ

കൊച്ചി: ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം " സ്മൃതി പർവ്വം 24" മേയ് 11, 12 തീയതികളിൽ സ്കൂളിൽ നടക്കും. ലോകത്തെമ്പാടു നിന്ന് പൂർവ വിദ്യാർത്ഥികൾ കൗമാര സ്മരണകളുടെ ഓർമ്മകളുമായി ഏലൂരിലേക്കെത്തും. മഹാ സംഗമം അവിസ്മരണീയമായ സംഭവമാക്കാൻ പൂർവ വിദ്യാർത്ഥി സംഘടന അവസാനവട്ട ഒരുക്കങ്ങളിലാണ്.

മേയ് 11ന് നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോം വസ്ത്രങ്ങൾ ധരിച്ചാകും പൂർവ വിദ്യാർത്ഥികളെത്തുക. രാവിലെ 8.30 ന് എം.കെ.കെ.നായരുടെ പുത്രൻ ഗോപിനാഥ് കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ എം.കെ.കെ നായരുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

സ്കൂളിലെ മൂന്നാമത്തെ മണിമുഴങ്ങുമ്പോൾ ഓപ്പൺ അസംബ്ലി ആരംഭിക്കും. സ്മൃതി പർവ്വം തീം സോംഗ് , പ്രതിജ്ഞ, സ്ക്കൂൾ ഗീതം, വാർത്താ വായന എന്നിവയ്ക്കു ശേഷം മുൻ അദ്ധ്യാപകർ സംസാരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാസന്ധ്യയിൽ ചലച്ചിത്ര, കായിക താരങ്ങൾ അടക്കം നിരവധി പേർ പങ്കെടുക്കും. പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, പപ്പെറ്റ് ഷോ , കലാപരിപാടികൾ, സ്പോർട്സ്, ഗെയിംസ് , എന്നിവയും ഉണ്ടാകും.

ഫാക്ട് ഹൈസ്ക്കൂൾ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് കെ.ചന്ദ്രൻ പിള്ള, ജനറൽ സെക്രട്ടറി പി.എസ്. അനിരുദ്ധൻ പി.എസ്, വൈസ് പ്രസിഡന്റുമാരായ ഇ.കെ.സേതു, സിൻഡ ജേക്കബ്ബ്,വിദ്യാധരൻ തുടങ്ങിയവരാണ് സംഗമത്തിന്റെ അണിയറയിൽ

• എം.കെ.കെ.നായരുടെ കൈയൊപ്പ്

ഫാക്ട് ചെയർമാനും വ്യവസായ - മാനേജ്മെന്റ് രംഗത്തെ അതുല്യപ്രതിഭയുമായ എം.കെ.കെ.നായർ കമ്പനി ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി

1960ൽ സ്ഥാപിച്ചതാണ് ഫാക്ട് ഉദ്യോഗമണ്ഡൽ ഹൈസ്കൂൾ. ഫാക്ടിന്റെ പ്രതാപകാലത്ത് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്റ്റേറ്റ് സിലബസ് എയ്ഡഡ് സ്കൂൾ. ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തോടെ പ്രവർത്തനം നിറുത്തി. പുനരാരംഭിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

സഹകരിക്കാതെ ഫാക്ട്

പ്രശസ്തമായ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമത്തോട് ഫാക്ട് മാനേജ്മെന്റ് നിസഹകരിക്കുകയാണ്. രണ്ട് ദിവസത്തെ പരിപാടി നടത്താൻ 24400 രൂപ വാടകയായി ഈടാക്കി. ഗ്രൗണ്ട് ഉപയോഗിക്കാനും വേറെ വാടക ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കായികമേള സംഘാടകർ വേണ്ടെന്നുവച്ചു.