corporation

കൊച്ചി: പൊന്നുരുന്നിയിൽ തോട് കൈയേറി നടത്തിയ നിർമ്മാണം കൗൺസിലറും നാട്ടുകാരും ചേർന്ന് നിറുത്തിവപ്പിച്ചു. പുഞ്ചത്തോട് കൈയേറി പാലം നിർമ്മിക്കാനായിരുന്നു ശ്രമം. അങ്കമാലി സ്വദേശി ജോസഫ് ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലേക്കായിരുന്നു നിർമ്മാണം. പാലം നിർമ്മിക്കുന്നതിന് കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ തോട് കൈയേറുകയോ നീരൊഴുക്കിനെ തടസപ്പെടുത്തുകയോ ചെയ്യരുതെന്നടക്കമുള്ള നിബന്ധനകളോടെയായിരുന്നു അനുമതി. ഇത് ലംഘിച്ച് തോട്ടിലേക്ക് റിംഗുകൾ ഇറക്കിയുള്ള നിർമ്മാണ പ്രവർ‌ത്തനങ്ങളാണ് നടത്തിയത്. ഇതാണ് നാട്ടുകാർ തടഞ്ഞത്. കോർപ്പറേഷനിൽ പരാതി നൽകിയതോടെ റിംഗുകൾ നീക്കാനും താത്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാനും കോ‌ർപ്പറേഷൻ ഉത്തരവിട്ടു.

തോട് കൈയേറിയുള്ള ഈ നിർമ്മാണം കോ‌ർപ്പറേഷന്റെ വ്യവസ്ഥകൾക്ക് വിപരീതമായതിനാൽ നിർമ്മാണാനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ദിപിൻ ദിലീപ് സെക്രട്ടറിക്ക് കത്ത് നൽകി. തോട്ടിൽ നാല് റിംഗുകൾ ഇറക്കി ഇതിനകത്ത് കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കാനായിരുന്നു ശ്രമം. ഈ തൂണുകൾ ഉയരുമ്പോൾ തോടിന്റെ വീതി വലിയ രീതിയിൽ കുറയാൻ സാദ്ധ്യതയുണ്ടെന്ന് കൗൺസിലർ പറഞ്ഞു. പാലത്തിന്റെ ഭിത്തികൾ രണ്ട് മീറ്ററോളം തോട്ടിലേക്ക് ചാടിനിൽക്കും. ഇത് നീരൊഴുക്കിനെ സാരമായി ബാധിക്കും.

പാലാരിവട്ടം, തമ്മനം ഭാഗത്തെ മഴവെള്ളം പുഞ്ചത്തോടിലൂടെ ഒഴുകിയാണ് കണിയാമ്പുഴ കനാലിലെത്തുന്നത്. തോട് പലഭാഗത്തും സ്വകാര്യ വ്യക്തികൾ കൈയേറിയതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. എ.കെ.ജി കോളനി, ലേബർ കോളനി എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ വെള്ളക്കെട്ടുണ്ടാകുന്നത്. അതിനിടയിലാണ് വീണ്ടും തോട് കൈയേറാൻ ശ്രമം നടത്തിയത്. ദേശീയപാതയോട് ചേ‌ർന്നുള്ള ഭാഗമായതിനാൽ ഇവിടെ മൂന്ന് മീറ്ററോളം വീതി മാത്രമേ തോടിനുള്ളൂ. കൈയേറ്റം തോട്ടിലെ നീരൊഴുക്കിനെ സാരമായി ബാധിക്കും.

പലരും തോട് കൈയേറിയിട്ടുണ്ട്. ഇവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും തോട് കൈയേറാനുള്ള ശ്രമങ്ങൾ നടക്കുന്നത്. നിർമ്മാണാനുമതി റദ്ദ് ചെയ്യാൻ സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ നടന്നു വരികയാണ്.

ദിപിൻ ദിലീപ്

കൗൺസിലർ