photo
വൈദ്യുതി ഉപയോഗ ബോധവൽക്കരണവുമായി വിദ്യാർത്ഥി പൊലീസ്

വൈപ്പിൻ: ഉല്ലാസവും കുട്ടിക്കളികളുമൊക്കെയായി അവധിക്കാലം കടന്നു പോകുന്നതിനിടയിലും വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട ബോധവത്കരണവുമായി എടവനക്കാട് എസ്. ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രംഗത്ത്. അലക്ഷ്യവും അലസവുമായ വൈദ്യുതി ഉപയോഗം സമൂഹത്തെ മൊത്തത്തിൽ ബാധിക്കുമെന്ന് ഓർമ്മപ്പെടുത്തുകയാണ് കുട്ടികളുടെ ലക്ഷ്യം.


സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി വാർത്തകൾ നിരന്തരമായി മാദ്ധ്യമങ്ങളിൽ വരാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് സ്കൂൾ അധികൃതർ കുട്ടികളെ കൊണ്ട് വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തിയത്. രക്ഷിതാക്കളുടെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കുട്ടികൾ ചർച്ച ഉഷാറാക്കി. അതിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് രക്ഷിതാക്കൾക്കൊപ്പം കേഡറ്റുകൾ യൂണിഫോമിൽ ബോധവൽക്കരണ പരിപാടികൾക്ക് ഇറങ്ങിയത്.
വൈദ്യുതി മീറ്ററിലെ കണക്കെടുത്ത് രേഖപ്പെടുത്തിയ ശേഷം വീണ്ടും വരും എന്നു പറഞ്ഞ് വീട്ടുടമസ്ഥർക്ക് വൈദ്യുതി ഉപയോഗം കുറക്കാനുള്ള ഉത്തരവാദിത്തം സനേഹപൂർവം നൽകിയാണ് കുട്ടികൾ മടങ്ങുന്നത്.
പരിധിയിൽ കൂടുതൽ ലോഡ് താങ്ങേണ്ടി വന്നാൽ ഫീഡറുകൾ ഓഫ് ചെയ്താണ് വൈദ്യുതി വകുപ്പ് ഇതിനെ മറികടക്കുന്നതെന്ന് കുട്ടികൾ ഓരോ വീട്ടുകാരോടും പറയുന്നുണ്ട്. അമിത ഉപയോഗമുള്ള മേഖലകളിലെ ട്രാൻസ്‌ഫോമറുകൾ തകരാറിലാകുന്നതാണ് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടാൻ കാരണമെന്നും മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ ബോധവത്കരണ പരിപാടിയോട് നാട്ടുകാരും നിറഞ്ഞ മനസോടെയാണ് സഹകരിക്കുന്നത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്തരം ബോധവത്കരണ പരിപാടികൾ സ്‌കൂൾ തലത്തിൽ നടപ്പാക്കുന്നത്

ഇ.എം. പുരുഷോത്തമൻ

സ്റ്റുഡന്റ് പൊലീസ് കേഡറ്റ്

മുഖ്യ പരിശീലകൻ

വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, എയർ കണ്ടീഷണർ, മോട്ടോർ, അയേൺ ബോക്‌സ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം

ബോധവത്കരണം വൈദ്യുതി ബില്ലുകൾ താരതമ്യം ചെയ്തും ദൈനംദിന ഉപയോഗം കണക്കുകൂട്ടിയും

ഓരോ വീട്ടുകാരും ദൈനംദിന ഉപയോഗത്തിൽ ഒരു യൂണിറ്റ് വൈദ്യുതി കുറച്ചാൽ സംസ്ഥാനത്ത് 1.38 കോടി യൂണിറ്റ് ലാഭിക്കാൻ കഴിയും