ഫോർട്ട് കൊച്ചി: സിനിമയുടെ വെള്ളിവെളിച്ചം പശ്ചിമകൊച്ചിക്കാരുടെ മുന്നിലേക്കെത്തിച്ച കോക്കേഴ്സ് തിയേറ്ററിന് താഴ്വീണിട്ട് ഏഴു വർഷം. 2017 ഏപ്രിൽ 28 ന് അടച്ചു പൂട്ടിയ തിയേറ്റർ സമൂച്ചയ നവീകരണം 2021 വരെ നഗരസഭ ബഡ്ജറ്റ് പരാമർശത്തിലെത്തിയെങ്കിലും ഇവയെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങി.
സംസ്ഥാനത്തെ ആദ്യ 70 എം.എം തിയേറ്ററായ പഴയ സൈന കാടുപിടിച്ചു നശിക്കുന്നത്. ബി.ഒ.ടി സംവിധാനത്തിൽ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ തിയേറ്റർ എന്ന ചരിത്രവും കോക്കേഴ്സിനുണ്ട്. 2017 ഏപ്രിൽ 28 ന് പൂട്ടിയ തിയേറ്റർ സമുച്ചയ നവീകരണം 2021ൽ വരെ നഗരസഭയുടെ ബജറ്റുകളിൽ ഇടം പിടിച്ചിരുന്നെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങി.
ഇതോടെ കൊച്ചിയിലെ സിനിമ പ്രേമികൾക്ക് ചെറിയ ചെലവിൽ മികവാർന്ന സംവിധാനത്തോടെ സിനിമ കാണാൻ കഴിഞ്ഞിരുന്ന സിനിമാശാലയും ഇല്ലാതായത്. 1958ൽ പഴയ ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി കൗൺസിലറും വ്യവസായിയും സിനിമ നിർമാതാവുമായ ടി.കെ.പരീക്കുട്ടിക്ക് 30 വർഷത്തെ കാലാവധിയിലാണ് അമരാവതിയിലെ നഗരസഭ വക 58 സെന്റ് സ്ഥലം ലീസിന് നൽകിയത്.
ഇവിടെയാണ് സൈനയെന്ന ആദ്യ 70 എം.എം തിയേറ്റർ നിർമ്മിച്ചത്. പരീക്കുട്ടിയുടെ മരണശേഷം തിയേറ്റർ സിയാദ് കോക്കർ ഏറ്റെടുത്ത് കോക്കേഴ്സ് എന്ന് പുനർനാമകരണം ചെയ്തു.തുടർന്ന് 2009-ൽ ലീസ് കാലാവധി കഴിഞ്ഞെങ്കിലും കൊച്ചി നഗരസഭ യ്ക്ക് തിരിച്ചു നല്കാതെ നടന്ന നടപടിയിൽ 64 ലക്ഷം നഷ്ടപരിഹാരം നല്കാൻ കോടതി വിധിയുമായി. ലീസ് നടപടി സംബന്ധിച്ച് വിവാദത്തിൽപ്പെട്ട തിയേറ്റർ 2017 ഏ പ്രിൽ 28 ന് നടപടികൾക്ക് ശേഷം അന്നത്തെ മേയർ സൗമിനി ജെയിനിന്റെ സാന്നിദ്ധ്യത്തിലാണ് സീൽ ചെയ്തത്. കൊവിഡിന് ശേഷം മാലിന്യശേഖരണ കേന്ദ്രമായി മാറ്റിയ തിയേറ്റർ ഇപ്പോൾ കാടുകയറി സാമൂഹിക വിരുദ്ധ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. കൊച്ചിയുടെ സാംസ്കാരിക കേന്ദ്രമാക്കി തിയേറ്റർ മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.