കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ പിറന്നുവീണ് നിമിഷങ്ങൾക്കകം 23കാരിയായ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചോരക്കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ പുല്ലേപ്പടി ശ്മശാനത്തിൽ നടക്കും. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അസാന്നിദ്ധ്യത്തിൽ എറണാകുളം സൗത്ത് പൊലീസും കോർപ്പറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപ്പറേഷനിലെ ജീവനക്കാരും നേരിട്ടെത്തും.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇന്നലെയാണ് യുവതിയുടെ കുടുംബത്തിന്റെ അനുമതി പൊലീസിന് ലഭിച്ചത്. യുവതി ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ വിശദമായ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഡി.എൻ.എ ടെസ്റ്റ് നടത്താൻ യുവതിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. കുഞ്ഞിന്റെ രക്തസാമ്പികൾ നേരത്തെ ശേഖരിച്ചിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിയിൽ നിന്ന് യുവതി ഗർഭംധരിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് 23കാരി പ്രസവിച്ചത്. എട്ടേകാലോടെ കവറിൽ പൊതിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം റോഡിലേക്ക് എറിയുകയായിരുന്നു.