road
കക്കടാശേരി - ഞാറക്കാട് റോഡിൽ അപകടം വരുത്തിവക്കുന്ന കൊടും വളവുകളിൽ ഒന്ന്

മൂവാറ്റുപുഴ: നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തെ തുടർന്ന് 68 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കക്കടാശേരി - ഞാറക്കാട് റോഡിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി ഉയരുന്നു. ഒരാഴ്ചക്കുള്ളിൽ രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഒരാഴ്ച മുമ്പ് പുന്നമറ്റത്ത് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മൂവാറ്റുപുഴ ജലസേചന വകുപ്പിലെ ജീവനക്കാരൻ പല്ലാരിമംഗലം കൂറ്റൻവേലി കൊമ്പനതോട്ടത്തിൽ റോയി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇളങ്ങവം കവലയിൽ ബൈക്ക് യാത്രികനായ ബാങ്ക് ജീവനക്കാരൻ അഞ്ചൽപ്പെട്ടി പുത്തൻപുരയിൽ വിനീത് (28) കാറുമായി കൂട്ടിയിടിച്ച് മരിച്ചു. റോഡിന്റെ പണികൾ ഏറെക്കുറെ പൂർത്തിയായപ്പോഴാണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. മേഖലയിൽ റോഡപകടങ്ങൾ പതിവ് കാഴ്ചയായി മാറുകയാണ്. വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റ് തകർത്താണ് അപകടമുണ്ടാക്കിയത്. യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

നെടുവക്കാട് പമ്പു കവല, പോത്താനിക്കാട് മഠാശുപത്രി കവല, ഇല്ലിച്ചുവട്, അഞ്ചൽപ്പെട്ടി, കടുംപിടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലെ കൊടും വളവുകൾ അതേപടി നിലനിർത്തിയാണ് റോഡ് നവീകരിച്ചത്. അപകടങ്ങൾ ഏറിയതോടെ റോഡിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ് . ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ പൊലീസും, മോട്ടോർ വാഹന വകുപ്പും പരിശോധനകൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അശാസ്ത്രീയ നി‌ർമ്മാണം വിനയായി

റോഡ് നന്നായപ്പോൾ വാഹനങ്ങൾക്ക് അമിത വേഗതയും ഡ്രൈവർമാർക്ക് അശ്രദ്ധയും കൂടി

റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിട്ടില്ല

വശങ്ങൾ കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നതിനാൽ റോഡിന് ആവശ്യത്തിനുള്ള വീതിയില്ല

ചിലയിടങ്ങളിൽ ടാറിംഗിന് മുന്നേ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തതിനാൽ കുത്തനെയുള്ള കട്ടിംഗും പ്രശ്നമാകുന്നു

ഹൈക്കോടതി നിർദ്ദേശിച്ചിട്ടുപോലും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുകയോ വളവുകൾ നിവർത്തുകയോ ചെയ്യാതെ കരാറുകാരന്റെ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി ആക്ഷേപം. ഒട്ടേറെ അപകടങ്ങൾ ഉണ്ടാക്കിയ പുളിന്താനം പാലം പുതുക്കി പണിതപ്പോൾ പഴയതിനേക്കാൾ മോശമായത് ഈ ആക്ഷേപത്തെ ശരിവയ്ക്കുന്നു