കൊച്ചി: ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി റോഡിലേക്ക് എറി​ഞ്ഞ 23കാരിയുടെ ക്രൂരത കേരളം ഞെട്ടലോടെ കേട്ട് മണിക്കൂറുകൾക്കകം എറണാകുളം നഗര മദ്ധ്യത്തിലുള്ള ഹോസ്റ്റലിലെ കുളിമുറിയിൽ അവിവാഹിതയായ 22കാരി ആൺകുഞ്ഞിന് ജന്മംനൽകി. കൊല്ലം സ്വദേശി​നി​ ഇന്നലെ രാവിലെയാണ് പരസഹായമില്ലാതെ പ്രസവിച്ചത്. വാതിൽപൊളിച്ച് കുളി​മുറി​യി​ൽ കയറി​യ സഹതാമസക്കാരുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിച്ചത്. ഇവർ വി​വരമറി​യി​ച്ചതി​നെത്തുടർന്ന് എത്തി​യ പൊലീസ് അമ്മയെയും കുഞ്ഞി​നെയും എറണാകുളം ജനറൽ ആശുപത്രി​യി​ലാക്കി​. 2.80കി.ഗ്രാം തൂക്കമുള്ളകുട്ടി പൂർണ ആരോഗ്യവാനാണ്.

പൊലീസ് പറയുന്നത്:

കലൂരിൽ കാൾ സെന്ററിൽ ജോലികിട്ടി മൂന്നരമാസം മുമ്പെത്തിയ യുവതി എറണാകുളം നോർത്തി​ലെ ഹോസ്റ്റലിൽ അഞ്ച് പേർക്കൊപ്പമായിരുന്നു താമസം. ഹോസ്റ്റലിലോ ജോലിസ്ഥലത്തോ ഗർഭിണിയാണെന്ന കാര്യം അറിയിച്ചിരുന്നില്ല. നി​റവയർ കണ്ട് സംശയം തോന്നി ഒപ്പമുള്ളവർ ചോദിച്ചിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്നാണ് പറഞ്ഞിരുന്നത്. രാവിലെ കുളിക്കാൻ കയറിയ യുവതി ഏറെ സമയംകഴിഞ്ഞിട്ടും ഇറങ്ങാതായതോടെ സഹതാമസക്കാർക്ക് പന്തികേട് തോന്നി. അകത്ത് കരച്ചിൽ കേട്ടതിന് പിന്നാലെ തട്ടിവിളിച്ചിട്ടും വാതിൽതുറന്നില്ല. തുടർന്ന് ഇവർ ചേർന്ന് വാതിൽ പൊളിച്ചപ്പോൾ കുഞ്ഞുമായി ഇരിക്കുന്ന യുവതി​യെയാണ് കണ്ടത്.

മിന്നൽവേഗത്തി​ൽ എറണാകുളം നോർത്ത് പൊലീസും പിങ്ക് പൊലീസും ഹോസ്റ്റലിലെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി​. കൊല്ലം സ്വദേശിയായ 32കാരനിൽ നിന്നാണ് ഗർഭിണിയായതെന്ന് യുവതി മൊഴിനൽകി. യുവാവുമായി മൂന്നരവർഷമായി പ്രണയത്തിലായിരുന്നു.

32കാരനും ബന്ധുക്കളും യുവതിയുടെ ബന്ധുക്കളും നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി. ഇവർ ആശുപത്രിയിലെത്തി കുട്ടിയെയും അമ്മയെയും സന്ദർശിച്ചു. ഇരുകുടുംബവും തമ്മിൽ ഇതേചൊല്ലി പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ചികിത്സപൂർത്തിയാക്കിയ ശേഷം കുട്ടിയെയും അമ്മയെയും കൊല്ലത്തേക്ക് കൊണ്ടുപോകാൻ സന്നദ്ധമാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.