കൊച്ചി: അതീവ സുരക്ഷാമേഖലയായ കൊച്ചി കപ്പൽശാല പരിസരത്ത് സിറ്റി പൊലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തും. ഇതിനായി രണ്ട് വൈദ്യുത ബൈക്കുകൾ സ്വീകരിക്കാൻ അനുമതി തേടി ഡി.ജി.പി നൽകിയ അപേക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് പൊലീസിന് രണ്ട് പട്രോളിംഗ് ബൈക്കുകൾ വാങ്ങുക. ആധുനിക സംവിധാനങ്ങളുള്ള ബൈക്കുകൾക്ക് മൂന്നരലക്ഷത്തിലധികം രൂപ വില വരും.

സിറ്റി പൊലീസിന് കീഴിൽ രൂപീകരിച്ച 'സിറ്റി വാരിയേഴ്സ്' സ്ക്വാഡിന് നിലവിൽ അൻപതിലധികം ഇ ബൈക്കുകളുണ്ട്. ഇതിന് പുറമേയാണ് കപ്പൽശാല മേഖലയിലെ പ്രത്യേക പട്രോളിംഗിന് ബൈക്കുകൾ എത്തുന്നത്.

ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നിർ‌മ്മിച്ചത് കൊച്ചി കപ്പൽശാലയിലാണ്. പ്രധാനമന്ത്രിയടക്കമുള്ള വി.വി.ഐ.പികൾ സന്ദർശിക്കുന്ന സ്ഥാപനവുമാണിത്. കപ്പൽശാലയിൽ അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചകൾ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് തലവേദനയായിരുന്നു. 2020ൽ വിക്രാന്തുമായി ബന്ധപ്പെട്ട ഹാർഡ്‌ഡിസ്ക് മോഷണം പോയ സംഭവം തെളിയിച്ചത് ഏറെ ശ്രമകരമായാണ്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പു കിട്ടാത്ത കേസിൽ ഇതര സംസ്ഥാനക്കാരായ പെയിന്റിംഗ് തൊഴിലാളികൾ പിടിയിലായത് എൻ.ഐ.എ. അന്വേഷണത്തിലാണ്.

'ഏയ്ഞ്ചൽ പായൽ' ഇരുട്ടി​ൽ

മലപ്പുറം സ്വദേശിയായ കരാർതൊഴിലാളി കഴിഞ്ഞവർഷം വിക്രാന്തിന്റെയടക്കം ചിത്രങ്ങൾ പകർത്തി ദുരൂഹമായ സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതും ആശങ്കയുണ്ടാക്കി. ഇയാൾ അറസ്റ്റിലായെങ്കിലും 'ഏയ്ഞ്ചൽ പായൽ' എന്ന ഫേസ്ബുക്ക് അക്കൗണ്ട് രഹസ്യമായി നിന്നു. 'ഏയ്ഞ്ചൽ പായൽ' എന്ന വ്യാജപേരിൽ പാക്കിസ്ഥാൻ ചാരവനിതയാണ് പ്രതിയുമായി ചാറ്റുചെയ്തിരുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേസ് പാതിവഴി മരവിക്കുകയായിരുന്നു.

കൊച്ചി കപ്പൽശാലയിൽ ഇനി നാവികസേനയ്ക്കായി മിസൈൽ യാനങ്ങളും ആന്റി സബ്മറൈൻ യുദ്ധക്കപ്പലും നിർമ്മിക്കേണ്ടതുണ്ട്. ആന്റി സബ്മറൈൻ കപ്പലിന് മാത്രം 5542 കോടി രൂപ ചെലവുവരും. ഈ സാഹചര്യത്തിലാണ് കപ്പൽശാലയുടെ സഹകരണത്തോടെ പ്രത്യേക പട്രോളിംഗിന് പൊലീസ് തീരുമാനിച്ചത്.