വൈപ്പിൻ : ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ 11 പേർക്കെതിരെ കേസെടുത്തു. 2014 -2020 കാലയളവിലെ ക്രമക്കേടുകൾക്കാണ് ഞാറക്കൽ പൊലീസ് കേസെടുത്തത്. 3 പഞ്ചായത്ത് സെക്രട്ടറിമാർ, 2 അസി.സെക്രട്ടറിമാർ, ഓവർസിയർ, കരാർ ജീവനക്കാരി, 4 കരാറുകാർ എന്നിവരാണ് പ്രതികൾ. 19 ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി കൈപ്പറ്റിയെന്നാണ് കേസ്.

ക്രമക്കേട് പുറത്തായതോടെ കേസിലെ ഒന്നാം പ്രതിയായ കരാർ ജീവനക്കാരി ഈ തുക പഞ്ചായത്തിൽ തിരിച്ച് അടച്ചിരുന്നു. ഒന്നാം വാർഡിലെ അഞ്ചുചിറ നടപ്പാത, 10-ാം വാർഡിലെ ആർവേലി നടപ്പാത, 11-ാം വാർഡിലെ നടപ്പാത, 14-ാം വാർഡിലെ എ.കെ.ജി ലിങ്ക് റോഡ്, നാലാം വാർഡിലെ റോയലാൻഡ് ക്ലബ് റോഡ്,15-ാം വാർഡിലെ നടപ്പാത, മൂന്നാം വാർഡിലെ സെന്റ്. ആന്റണി റോഡ്, രണ്ടാം വാർഡിലെ കെ.ടി. എക്‌സ് ലിങ്ക് റോഡ് നടപ്പാത എന്നിവയുടെ നിർമ്മാണങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കേസിനെച്ചൊല്ലി കോൺഗ്രസും സി.പി.എമ്മും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്, പഞ്ചായത്ത് കോൺഗ്രസ് ഭരിച്ചിരുന്ന കാലങ്ങളിലാണ് അഴിമതി നടന്നിട്ടുള്ളതെന്ന് സി.പി.എം പറയുന്നു. പദ്ധതികളുടെ നിർമ്മാണ കാലത്ത് ഓവർസിയർ ആയിരുന്നയാൾ സി.പി.എം ബന്ധമുള്ളയാളാണെന്ന് കോൺഗ്രസും തിരിച്ചടിക്കുന്നു.