കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ പ്രസവിച്ചയുടൻ കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ സംസ്‌കാരം പുല്ലേപ്പടി പൊതുശ്മശാനത്തിൽ മേയർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തി. മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ പൊലീസ് ഏറ്റെടുത്ത് സംസ്കാരം നടത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടനെ കുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാവിലെ പതിനൊന്നോടെ പുല്ലേപ്പടി ശ്മശാനത്തിൽ മൃതദേഹം എത്തിച്ചപ്പോൾ പൊലീസിൽനിന്ന് മേയർ മൃതദേഹം ഏറ്റുവാങ്ങി. മേയറും പൊലീസ് ഉദ്യോഗസ്ഥരും പൂച്ചെണ്ടുകൾ അർപ്പിച്ചു. പൊലീസ് സല്യൂട്ടും നൽകി. കളിപ്പാട്ടങ്ങളും കുഞ്ഞിന്റെ മൃതദേഹത്തിനരികിൽ വച്ചു.
യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. രണ്ടുദിവസത്തിനകം ഡിസ്ചാർജ് ചെയ്തേക്കും. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കൊലപാതകം നടത്തിയ കാര്യം യുവതി സമ്മതിച്ചിട്ടുണ്ടെങ്കിലും പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇയാളുടെ മൊഴി.