കൊച്ചി: കുടുംബകോടതികളിലെ വസ്തുസംബന്ധമായ കേസുകൾക്കും മറ്റ് കോടതികളിലെ ചെക്ക്കേസുകൾക്കും ഫീസ് വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. വർക്കല ബാർ അസോസിയേഷൻ സെക്രട്ടറി പി.എസ്. ജോബിന്റെ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി.

ഉയർന്ന ഫീസ് ഈടാക്കാനായി കേരള കോർട്ട് ഫീ ആൻഡ് സ്യൂട്ട് വാല്വേഷൻ ആക്ടിൽ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്നാണ് ആവശ്യം. കുടുംബകോടതികളിലെ റിക്കവറി കേസുകൾക്ക് നേരത്തെ 50 രൂപയായിരുന്നത് പരമാവധി രണ്ട് ലക്ഷം രൂപവരെ ഈടാക്കാവുന്ന വിധമാണ് ഭേദഗതി ചെയ്തത്. ചെക്കുകേസിൽ 10 രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപവരെ ഫീസ് ഈടാക്കാവുന്ന വിധമാണ് ഭേദഗതി. അവകാശപ്പെടുന്ന തുകയ്ക്ക് ആനുപാതികമായി ഫീസ് നിശ്ചയിക്കുന്നതാണ് വർദ്ധനയ്ക്ക് കാരണം.

വിവാഹവേളയിൽ കൈമാറിയ സ്വർണവും വസ്തുക്കളും വീണ്ടുകിട്ടാനായി റിക്കവറി കേസുകൾ നൽകുന്നതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ആശ്രയം നഷ്ടപ്പെട്ട് കുടുംബകോടതിയെ സമീപിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഫീസ് വർദ്ധന വലിയ ബാദ്ധ്യതയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വണ്ടിച്ചെക്കിൽ പണം നഷ്ടമായവർക്ക് കോടതിയിലും ഭാരിച്ച ഫീസ് വരുന്നത് അനീതിയാണ്. ഫീസ് വർദ്ധന ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഹർജി 27ന് വീണ്ടും പരിഗണിക്കും.