ആലുവ: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് സൗകര്യം നിറുത്തലാക്കുകയും ഓൺലൈൻ ബുക്കിംഗിലൂടെ ദിവസേന ദർശനം 80,000 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്ത തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. നടപടി തുഗ്ളക്ക് പരിഷ്കാരമാണെന്ന് അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാരസഭ ദേശീയ പ്രസിഡന്റ് അയ്യപ്പദാസ് ആരോപിച്ചു.

പൊലീസിന്റെ നേതൃത്വത്തിൽ ശബരിമലയിൽ ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം വലിയ പ്രശ്നങ്ങളില്ലാതെയാണ് മുന്നോട്ടുപോയത്. ഇത് രണ്ടുവർഷംമുമ്പ് ദേവസ്വംബോർഡ് ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പൊലീസുമായുള്ള ഈഗോയും പ്രശ്നം രൂക്ഷമാക്കി. ഇതേത്തുടർന്ന് കഴിഞ്ഞ ശബരിമല സീസണിൽ തീർത്ഥാടകർക്ക് ദർശനത്തിനായി 12 മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായി.

തിരുപ്പതി മാതൃക നടപ്പാക്കുമെന്നാണ് ദേവസ്വംബോർഡ് പറയുന്നത്. തിരുപ്പതിയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ബോർഡ് നൽകുന്നുണ്ട്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് വെള്ളവും ഭക്ഷണവും ഉൾപ്പെടെ ലഭിക്കും. ഇവിടെ വെള്ളംപോലും കൊടുക്കാൻ സംവിധാനമില്ല. ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം ദർശനം അനുവദിക്കാനുള്ള ബോർഡ് നീക്കം ഭക്തരെ വിഷമത്തിലാക്കും. ഗുരുസ്വാമിമാരുടെയും വിവിധ അയ്യപ്പ ഭക്തസംഘടനകളുടേയും ബന്ധപ്പെട്ടവരുടേയും യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്യാൻ ദേവസ്വം ബോർഡ് തയ്യാറാകണം. കൂടുതൽ ഭക്തരെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ യോഗം വിളിക്കണം. തീരുമാനങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. അല്ലെങ്കിൽ ശബരിമലയിൽ നിന്ന് തീർത്ഥാടകരെ അകറ്റുന്ന സാഹചര്യമുണ്ടാകും. തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ സേവ് ശബരിമല ക്യാമ്പയിൻ പുനരാരംഭിക്കേണ്ടി വരുമെന്നും തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയപഠനം ആവശ്യമാണെന്നും അയ്യപ്പദാസ് പറഞ്ഞു.