മൂവാറ്റുപുഴ: ആട്, പോത്ത് ഇറച്ചികൾക്ക് അമിത വില ഈടാക്കുന്നതിനാൽ ഇറച്ചി വാങ്ങൽ ബഹിഷ് ക്കരിക്കണമെന്നാവശ്യപ്പെട്ട ക്യാമ്പയിനുമായി സോഷ്യൽ മീഡിയ. മൂവാറ്റുപുഴ മേഖലയിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചിക്കും, മാട്ടിറച്ചിക്കും അടിക്കടി വിലവർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ക്യാമ്പയിൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽപോത്തിറച്ചിക്ക് കിലോയ്ക്ക് 330 രൂപയും, ആട്ടിറച്ചിക്ക് 660 രൂപയ്ക്കും ലഭിക്കുമ്പോഴാണ് മൂവാറ്റുപുഴയിൽ പോത്തിറച്ചിക്ക് 400 മുതൽ 440 രൂപവരെയും ആട്ടിറച്ചിക്ക് 900 രൂപയും ഈടാക്കുന്നത്. ക്യാമ്പയിൻ സജീവമായതോടെ ബഹിഷ്കരണ ആഹ്വാനത്തിന് പിന്തുണയുമായി നിരവധി പേർ എത്തിക്കഴിഞ്ഞു. എന്നാൽ ഉരുക്കളുടെ വിലവർധനവാണ് മാംസത്തിന്റെ വില കൂടാൻ കാരണമെന്നാണ് ഇറച്ചി വ്യാപാരികളുടെ നിലപാട്.
മൂവാറ്റുപുഴയിൽ അറക്കാൻ കൊണ്ടുവരുന്ന ഉരുക്കൾക്ക് പ്രത്യേക തരം കൊമ്പുണ്ടോ എന്ന തലക്കെട്ടിലാണ് ക്യാമ്പയിൻ ആരംഭിച്ചത്. എത്ര വില കൂട്ടിയാലും മൂവാറ്റുപുഴക്കാരായ നാം ‘മീൻ തലയ്ക്കലെ’ പൂച്ചയെപ്പോലെ ക്യൂ നിന്നു വാങ്ങി ഭക്ഷിക്കും എന്നതാണ് കേരളത്തിലെ മറ്റൊരിടത്തും ഇല്ലാത്ത ഈ കൊള്ളയ്ക്ക് പിന്നിലെന്നും മൂവാറ്റുപുഴ എന്തോ സ്പെഷ്യൽ തിരുവ നൽകേണ്ട ഇടമാണോ എന്നും സോഷ്യൽമീഡിയയിൽ ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. കശാപ്പ് കച്ചവടക്കാരുടെ നിത്യച്ചെലവ് അനുസരിച്ചാണ് മൂവാറ്റുപുഴയിൽ ഇറച്ചിക്ക് വില നിശ്ചയിക്കപ്പെടുന്നതെന്നാണ് പരാതി. മാംസ ഭക്ഷ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഈ നടപടിക്കെതിരെ അനിശ്ചിത കാലത്തേയ്ക്ക് ആട്- മാട്ടിറച്ചികൾ ബഹിഷ്കരിച്ച് ബദൽ ഭക്ഷണ രീതി പ്രയോജനപ്പെടുത്തി ഈ പകൽക്കൊള്ളയെ പരാജയപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ പറയുന്നത്.