പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കൾ പിടികൂടി. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കകളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകളാണ് പരിശോധനയിൽ പങ്കെടുത്തത്. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിൽപ്പന സംഘത്തെയും പിടികൂടിയിട്ടുണ്ട്.
വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്‌നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ. ഷിജി, ഹണി കെ. ദാസ്, രാജേഷ് കുമാർ, വി.പി. സുധീഷ് ഉൾപ്പടെ ഇരുന്നൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.