nadapatha
അഞ്ചാം തീയതി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ആലുവ ബൈപ്പാസിൽ റോഡിന്റെ വീതി നഷ്ടപ്പെടുത്തുന്ന അശാസ്ത്രീയ നടപ്പാതക്കെതിനെതിരായ പ്രതിഷേധം കാര്യമാക്കാതെ നിർമ്മാണം പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിയ നിർമ്മാണമാണ് ഇന്നലെ പുനഃരാരംഭിച്ചത്. കൊച്ചി മെട്രോ അധികൃതരും പി.ഡബ്ളിയു.ഡി അധികൃതരും സമീപത്തെ കച്ചവടക്കാരുമായി ചർച്ച നടത്തി വ്യാപാരസ്ഥാപനങ്ങളിലേക്ക് വാഹനം ഇറങ്ങുന്നതിന് സൗകര്യമൊരുക്കാമെന്ന ഉറപ്പ് നൽകിയാണ് നിർമ്മാണം വീണ്ടും തുടങ്ങിയത്. കടകൾക്ക് മുമ്പിൽ ആറ് മീറ്റർ വീതിയിൽ വാഹനം കടത്താൻ സൗകര്യം ഒരുക്കാമെന്നാണ് ഉറപ്പ്. എന്നാൽ നിലവിലുള്ള കാനയുടെ മുകളിൽ നടപ്പാത നിർമ്മിക്കാതെ രണ്ടര മീറ്ററിലധികം റോഡിലേക്കിറക്കി നടപ്പാത നിർമ്മിക്കുന്നത് റോഡിന്റെ സൗകര്യം നഷ്ടപ്പെടുത്തില്ലെയെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.

ബ്രിഡ്ജ് റോഡിൽ ബൈപ്പാസിൽ അങ്കമാലി ബസ് സ്റ്റോപ്പ് മുതൽ മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് തടഞ്ഞിരുന്നത്. ഈ ഭാഗത്തെ പൊതുകാനയുടെ മുകളിലേക്കാണ് സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളുടെയും കോവണി വരെ സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം കെട്ടിടങ്ങളുടെ ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപ്പാത റോഡിലേക്ക് മാറ്റി നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. മെട്രോ പണം മുടക്കി നിർമ്മിക്കുന്നതിനാൽ നഗരസഭയും മൗനം പാലിക്കുകയാണ്. നേരത്തെ പ്രതിഷേധവുമായെത്തിയ ബി.ജെ.പിയും വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി നിശബ്ദതയിലായി.

എപ്പോഴും വെള്ളക്കെട്ടുണ്ടാകുന്നതും ആഴമേറിയതുമായ കാനയായതിനാലാണ് റോഡിലേക്കിറക്കി നടപ്പാത നിർമ്മിക്കുന്നതെന്നാണ് പി.ഡബ്ളിയു.ഡിയുടെ വിശദീകരണം

 എന്നാൽ നടപ്പാത നേർവഴിയാക്കാനാണ് കാനയുടെ മുകളിൽ നിന്നും മാറ്റിയതെന്നാണ് നിർമ്മാണ കരാർ കമ്പനിയുടെ ജീവനക്കാർ പറയുന്നത്