തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ എൻട്രൻസ് പരീക്ഷയായ കീം (KEAM) സിലബസ് പരിഷ്കരിച്ചതായി എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. പുതിയ സിലബസ് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പി.ജി; പരീക്ഷാരീതിയിൽ മാറ്റം
നീറ്റ് പി.ജി 2024 പരീക്ഷാരീതിയിൽ മാറ്റം വരുത്തിയതായി സംഘാടകരായ ദ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഫോർ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അറിയിച്ചു. ഇനി മുതൽ പരീക്ഷയുടെ ഓരോ സെക്ഷനും നിശ്ചിത സമയപരിധി (mandatory time-bound sections) ഉണ്ടാകും. ഉദാഹരണത്തിന് A,B,C,D,E എന്നിങ്ങനെ അഞ്ച് സെക്ഷനുകൾ ചോദ്യ പേപ്പറിൽ ഉണ്ടെങ്കിൽ ഓരോ സെക്ഷനും നിശ്ചിത സമയം നൽകും. A സെക്ഷന് അനുവദിച്ച സമയം പൂർത്തിയാകാതെ അടുത്ത സെക്ഷനായ B-യിലേക്ക് കടക്കാൻ കഴിയില്ല. ഓരോ സെക്ഷന്റെ സമയം അവസാനിക്കുമ്പോഴും ഓട്ടോമാറ്റിക്കായി അടുത്ത സെക്ഷനിലേക്ക് കടക്കും. ഒരു സെക്ഷന് അനുവദിച്ച സമയം അവസാനിച്ചാൽ മുൻ സെക്ഷനിലേക്ക് തിരിച്ചു പോകാനോ പുനഃപരിശോധിക്കാനോ കഴിയില്ല. ജൂൺ 23നാണ് നീറ്റ് പി.ജി പരീക്ഷ.
പരീക്ഷയുടെ സുരക്ഷിതത്വവും പവിത്രതയും നിലനിറുത്താൻ സഹായിക്കുന്നതാണ് പുതിയ പരിഷ്കാരമെന്നാണ് എൻ.ബി.ഇ.എം.എസിന്റെ വിലയിരുത്തൽ. കമ്പ്യൂട്ടർ അധിഷ്ഠിതവും മൾട്ടിപ്പിൾ ചോയ്സ് ചോദ്യ മാതൃകയിലുള്ളതുമായ എൻട്രൻസ് പരീക്ഷകളായ NEET MDS, NEET SS, FMGE, DNB PDCET, GPAT, DPEE, FDST, FET എന്നിവയിലും mandatory time-bound section രീതി നടപ്പാക്കാനാണ് തീരുമാനം.
സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ 10ാം ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ 11, 12 ദിവസങ്ങളിൽ നിയമസഭാ ബാങ്ക്വറ്റ് ഹാളിലും 18,19ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ് ഗേൾസ് സ്കൂളിലും 25,26ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. വിവരങ്ങൾ www.niyamasabha.org വെബ്സൈറ്റിൽ. ഫോൺ: 0471-2512662/2453/2670.