ആലുവ: ആലുവ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻ‌ഡിംഗ് കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തുകയും ജീവനക്കാരിയിൽ നിന്ന് അജണ്ട തട്ടിപറിച്ച് കീറി അദ്ധ്യക്ഷന് നേരെ എറിയുകയും ചെയ്ത സംഭവത്തിൽ അഭിഭാഷക കമ്മീഷൻ രൂപീകരിച്ച് തെളിവ് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു.

2018 മെയ് 28ന് മുൻ ഭരണ സമിതിയുടെ കാലത്താണ് കേസിനാസ്പദമായ സംഭവം. അന്നത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ജെറോം മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് അന്നത്തെ സ്വതന്ത്ര കൗൺസിലറായിരുന്ന കെ. ജയകുമാർ അലങ്കോലപ്പെടുത്തിയത്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. നഗരസഭ ചെയർപേഴ്സണായിരുന്ന ലിസി എബ്രഹാമിന് ജെറോംമൈക്കിൾ നൽകിയ പരാതിയെ തുടർന്നാണ് കേസ് ഓംബുഡ്മാന്റെ പരിഗണനയ്ക്ക് വന്നത്.
വിവിധ സിറ്റിംഗുകളിൽ പരാതിക്കാർ ഫോട്ടോ സഹിതം തെളിവുകളും ഹാജരാക്കിയിരുന്നു. കേസ് തീർപ്പാക്കാൻ പരാതിക്കാരോടും എതിർ കക്ഷിയോടും അഭിഭാഷകരുടെ പാനൽ സമർപ്പിക്കാൻ ഓംബുഡ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷക കമ്മീഷന് നൽകേണ്ട ബത്ത അലുവ നഗരസഭ വഹിക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്‌.