കൊച്ചി: സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ബാങ്ക് അക്കൗണ്ട് വിലയ്ക്കുവാങ്ങി ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നാലുപേർ പൊലീസ് നിരീക്ഷണത്തിലാണ്. തൃശൂർ കുറുമ്പിലാണ് പഴുവിൽ എസ്.എൻ. റോഡ് പുഴങ്കരയില്ലത്ത് വീട്ടിൽ പി.വൈ. ഷാഫിയാണ് (28)അറസ്റ്റിലായത്. നിശ്ചിത തുകയോ, പിൻവലിക്കുന്നതിന് ശതമാനടിസ്ഥാനത്തിൽ പണമോ വാഗ്ദാനം ചെയ്താണ് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കുന്നത്.
ഓൺലൈൻ റസ്റ്റോറന്റുകളുടെ പ്രൊമോഷനിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കൊച്ചി സ്വദേശികളായ ദമ്പതിമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിലാണ് അറസ്റ്ര്. അക്കൗണ്ടുകൾ കൈക്കലാക്കിയുള്ള തട്ടിപ്പ് സംഘം കേരളത്തിൽ വേരുറപ്പിച്ചത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദമ്പതികളുടെ പണം തൃശൂർ കാരമുക്ക് കണ്ടശാംകടവ് സ്വദേശിയുടെ അക്കൗണ്ടിൽ എത്തിയെന്ന കണ്ടെത്തൽ വഴിത്തിരിവായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അയൽവാസി മുഖേന പരിചയപ്പെട്ട ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്.
കണ്ടശാംകടവ് സ്വദേശിയുടെ അക്കൗണ്ടിൽ 20ലക്ഷത്തിലധികം രൂപ എത്തിയിരുന്നു. നെടുമ്പാശേരി, പുക്കാട്ടുപടി എന്നിവിടങ്ങളിൽ കടലാസ് കമ്പനികൾ തുടങ്ങി, ഈ പേരിലും പ്രതി ആറ് ബാങ്ക് അക്കൗണ്ടുകൾ എടുത്തിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം നാല് അക്കൗണ്ടുകൾ ബാങ്കുകൾ മരവിപ്പിച്ചു. ഓൺലൈൻ ട്രേഡിംഗിന്റെയും ഓൺലൈൻ ഗെയിമിന്റെയും പേരിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണറുടെ മേൽനോട്ടത്തിൽ സൈബർ എസ്.എച്ച്.ഒ ജയകുമാർ, എ.എസ്.ഐമാരായ ഗിരീഷ്,ഡോളി, രഹ്ന, ശ്യാംകുമാർ, സി.പി.ഒ റോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന്റെ വഴി
മോഹനവാഗ്ദാനങ്ങൾ നൽകി സാധാരണക്കാരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന്റെ നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുക്കും. അക്കൗണ്ടിലേക്ക് വരുന്ന പണം പിൻവലിച്ച് നൽകുന്നതിനോ, ക്രെഡിറ്റാകുന്ന പണത്തിന്റെ അളവ് അനുസരിച്ചോ അക്കൗണ്ട് ഉടമയ്ക്ക് പണംനൽകും. ഇതിന് സമാന്തരമായി വിവിധ സ്ഥാപനങ്ങളുടെയും മറ്റും ഓൺലൈൻ റേറ്റിംഗിലൂടെ വൻതുക വീട്ടിലിരുന്ന സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ വീഴ്‌ത്തും. തുടക്കത്തിൽ ചെറിയ തുകകൾ നൽകും. ലക്ഷങ്ങൾ നേടിയെന്ന് കാട്ടി മെസേജ് അയയ്‌ക്കുകയാണ് അടുത്ത ഘട്ടം. പണം പിൻവലിക്കാൻ പതിനായിത്തിലധികം രൂപ പ്രോസസിംഗ് ഫീസായി ആവശ്യപ്പെടും. പ്രോസസിംഗ് ഫീസ് കൈപ്പറ്റാൻ, വിലയ്‌ക്കുവാങ്ങിയ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിക്കുക. പണം നൽകുന്നതോടെ എല്ലാ ഇടപാടുകളും അവസാനിപ്പിച്ച് തട്ടിപ്പ് സംഘം മുങ്ങും. അന്വേഷണത്തിൽ അക്കൗണ്ട് ഉടമ കുടുങ്ങും.
ബന്ധുവായി സ്റ്റേഷനിൽ
കണ്ടശാംകടവ് സ്വദേശിയെ ആദ്യം സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ ഒപ്പം ഷാഫിയുമുണ്ടായിരുന്നു. ബന്ധുവാണെന്നാണ് ഇയാൾ പറഞ്ഞത്. കണ്ടശാംകടവ് സ്വദേശിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഷാഫി ബന്ധുവല്ലെന്ന് വെളിപ്പെടുത്തിയത്. ഷാഫി കൈക്കലാക്കിയ ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ ഒരു ദിവസം 24 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.