കൊച്ചി: കാക്കനാട്ടെ സ്‌മാർട്ട്സിറ്റിയിലെ ഐ.ടി കെട്ടിടത്തിന്റെ പണികൾക്കായി ഇരുമ്പ് പൈപ്പുകൾകൊണ്ട് നിർമ്മിച്ച തട്ട് (സ്‌കഫോൾഡിംഗ് ) തകർന്നുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.
പശ്ചിമബംഗാൾ നഗ്രകാട്ട സ്വദേശി സ്വദേശി ഉത്തംമുണ്ടയാണ് (27) മരിച്ചത്. ബാപ്പൻസിംഗ് (25), റോമിത്ത് (24), സിക്കന്തർ (29), അമൻ (24), രാജൻ മുണ്ടേ (28) എന്നിവർക്കാണ് പരിക്കേറ്റത്. ബാപ്പൻസിംഗിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവർ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തംമുണ്ടയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇൻഫോപാർക്ക് പൊലിസ് കേസെടുത്തു.
ഇന്നലെ രാവിലെ 10നായിരുന്നു അപകടം. കെട്ടിടത്തിന്റെ പുറത്ത് പൈപ്പുകൾകൊണ്ട് സ്ഥാപിച്ച തട്ടുകളിൽനിന്ന് 10പേർ പെയിന്റിംഗ് ഉൾപ്പെടെ ജോലികൾ നടത്തുമ്പോഴായിരുന്നു അപകടം. പൈപ്പുകൾ ദേഹത്തുവീണ് ഉത്തം തത‌്ക്ഷണം മരിച്ചു. അടിയിൽപ്പെട്ടവരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് രക്ഷിച്ചത്.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച തട്ടിന്റെ പൈപ്പുകൾ ബലക്ഷയത്താൽ വളഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.