നെടുമ്പാശേരി: കൈകാണിച്ചിട്ടും നിറുത്താതെപോയ കാറിൽനിന്ന് മയക്കുമരുന്ന് സൂക്ഷിച്ച ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞ മാഫിയസംഘം പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. ബാഗിൽനിന്ന് നൂറുഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്തരയോടെ ദേശീയപാതയിൽ കരിയാട് ഭാഗത്താണ് സംഭവം.

ബംഗളൂരുവിൽനിന്ന് ആഡംബരക്കാറിൽ എം.ഡി.എം.എ കടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചെങ്ങമനാട് പൊലീസും കരിയാട് ഭാഗത്ത് കാത്തുനിൽക്കുകയായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ അമിതവേഗത്തിൽ പൊലീസിനിടയിലേക്ക് കാറോടിച്ചുകയറ്റാൻ പ്രതികൾ ശ്രമിച്ചു. സാഹസികമായാണ് പൊലീസ് ഒഴിഞ്ഞുമാറിയത്.

തുടർന്ന് വേഗത്തിൽ കടന്നുകളഞ്ഞ വാഹനത്തെ പൊലീസ് പിന്തുടർന്നു. അത്താണിയിൽനിന്ന് ചെങ്ങമനാട് ഭാഗത്തേക്ക് തിരിഞ്ഞശേഷം ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിലുണ്ടായിരുന്നവർ രാസലഹരിസൂക്ഷിച്ചിരുന്ന ബാഗുൾപ്പെടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചുപോയി. വാഹനത്തിന്റെ നമ്പർ ലഭിച്ചതിനാലും വീതികുറഞ്ഞ റോഡിൽ പിന്തുടരുന്നത് അപകടമുണ്ടാക്കുമെന്നതിനാലും പൊലീസ് പിൻവാങ്ങുകയായിരുന്നു.

കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് ഗ്രൂപ്പാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് വ്യക്തമായി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ 305 ഗ്രാം രാസലഹരിയാണ് പിടികൂടിയത്.