chendamangalam-jn-
ചേന്ദമംഗലം കവലയിലെ സിഗ്നൽ തകരാറിലായപ്പോൾ

പറവൂർ: ഒരാഴ്ചയ്ക്ക് മുമ്പ് നന്നാക്കിയ ചേന്ദമംഗലം കവലയിലെ ട്രാഫിക്ക് സിഗ്നൽ വീണ്ടും തകരാറിലായി. കെൽട്രോണിലെ ടെക്നിക്കൽ വിഭാഗമാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ തകരാർ പരിഹരിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ചേന്ദമംഗലം കവലയിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ സിസ്റ്റത്തിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ ലൈറ്റുകൾ പലതും തകരാറിലായിരുന്നു. ഇതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരുന്നു. നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് സിഗ്നൽ ലൈറ്റുകൾ നന്നാക്കിയത്. നഗരത്തിലെ പ്രധാന കവലകളിലെല്ലാം മാസങ്ങളായി ട്രാഫിക്ക് സിഗ്നലുകൾ പ്രവർത്തനരഹിതമാണ്. പറവൂരിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ളിടത്തേക്ക് പച്ചയും, ചുവപ്പും സിഗ്നലുകൾ ഒരുമിച്ച് തെളിയും. ഇതേ സമയം തന്നെ പുല്ലംകുളം ഭാഗത്ത് നിന്നും ആലുവ, ചേന്ദമംഗലം ഭാഗത്തേക്കുള്ള പച്ച സിഗ്നലും തെളിഞ്ഞു കിടക്കും. സിഗ്നൽ തകരാറാണെന്ന് മനസിലാക്കാതെ വാഹനങ്ങൾ ഒരുമിച്ച് കവലയിലേക്കെത്തുന്നത് ഗതാഗതകുരുക്കിന് വഴിവക്കും. അമിതവേഗതയിൽ അശ്രദ്ധമായി എത്തുന്ന വാഹനങ്ങൾ അപകടം വരുത്തുകയും ചെയ്യും.

----------------------------------

നഗരത്തിൽ അപകടം ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് നഗരസഭയുടെ അനാസ്ഥ മൂലം ഉണ്ടാകുന്നത്. പ്രശ്നപരിഹാരത്തിന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർക്കാൻ നഗരസഭാ ചെയർപേഴ്സൺ തയ്യാറാകണം

ടി.വി. നിഥിൻ

നഗരസഭ പ്രതിപക്ഷനേതാവ്

---------------------------------------------------------------

പറവൂർ നഗരസഭയ്ക്ക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള തുക ചെലവഴിക്കാൻ നിയമപരമായി സാധിക്കില്ല. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി​ വിഭാഗത്തിനാണ്. വളരെ പഴക്കമുള്ള സിഗ്നൽ സംവിധാനമാണ് നിലവിലുള്ളത്. ഇതിനാലാണ് പെട്ടന്ന് കേടുവരുന്നത്

സജി നമ്പിയത്ത്

നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ