കൊച്ചി: എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന നാല് പാർലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫിന് സമ്പൂർണ്ണ മേധാവിത്വമുണ്ടാകുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി. എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി പാർലമെന്റ് മണ്ഡലങ്ങളിൽപ്പെടുന്ന 14 നിയോജക മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം നേടുമെന്നും യോഗം വിലയിരുത്തി. സ്ഥാനാർത്ഥികളുടെ മികവും സംഘടനാപരമായ കരുത്തും താഴെത്തട്ടിലുള്ള പ്രചാരണ പരിപാടികളുടെ ഏകോപനവും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായിട്ടുള്ള ജനവികാരം കൃത്യമായിട്ട് ഓർമ്മപ്പെടുത്തിയ പ്രചാരണ പരിപാടികളും ഫലം കണ്ടതായി നേതൃയോഗം കണ്ടെത്തി.

നേതൃയോഗം ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, ഡൊമനിക് പ്രസന്റേഷൻ തുടങ്ങിയവർ സംസാരിച്ചു.