sudheesh
സുധീഷ്

നെടുമ്പാശേരി: 20 അടിയോളം താഴ്ചയുള്ള പാറമടയിൽ കുളിക്കാനിറങ്ങിയ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവ് ചെളിയിൽ പുതഞ്ഞുമരിച്ചു. പുളിയനം കിഴക്കനേടത്ത് വീട്ടിൽ സുധീഷാണ് (40) മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.15ഓടെ പുളിയനത്തെ പാറമടയിലാണ് സംഭവം.

ജ്യേഷ്ഠൻ മധു ലീസിനെടുത്ത് പാറമടയോട് ചേർന്ന് വർഷങ്ങളായി നടത്തിവരുന്ന പുളിയനം 'ശില കൊത്തുപണി കേന്ദ്ര'ത്തിലെ തൊഴിലാളിയാണ് സുധീഷ്. ദേവാലയങ്ങൾക്കാവശ്യമായ കരിങ്കൽ ശില്പങ്ങളാണ് നിർമ്മിക്കുന്നത്. ഒപ്പം ജോലി ചെയ്യുന്നവരുമൊത്താണ് കുളിക്കാനെത്തിയത്. നീന്തൽ വശമില്ലാത്ത സുധീഷ് വെള്ളത്തിൽ ഇറങ്ങിയതോടെ താഴ്ന്നുപോയി. കൂട്ടുകാർ കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അങ്കമാലി ഫയർഫോഴ്സ്, ചാലക്കുടി സേനകളിലെ സ്‌കൂബ ടീമെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: സരിത. മകൻ: ദേവാനന്ദ്.