കൊച്ചി/പറവൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിന്റെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകളിൽ ഭീകരവിരുദ്ധസേന നടത്തിയ പരിശോധനയിൽ തോക്കുകളും തിരയും ഉൾപ്പെടെ മാരകായുധങ്ങളും പണവും പിടിച്ചെടുത്തു. ആലുവ മാഞ്ഞാലി കൊച്ചുകുന്നുംപുറം വലിയവീട്ടിൽ റിയാസ് എന്ന താടി റിയാസിന്റെ വീട്ടിൽ നിന്ന് രണ്ട് റിവോൾവർ, രണ്ട് പിസ്റ്റൾ, 25 തിരകൾ, രണ്ട് കത്തി, 8.83ലക്ഷംരൂപ എന്നിവ കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റുചെയ്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാട്ടുപുറം മാവിൻചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാസംഘാംഗവുമാണ് റിയാസെന്ന് പൊലീസ് പറഞ്ഞു
അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് പ്രതിയുമായ എളമക്കര താന്നിക്കൽ നെല്ലിക്കാപ്പള്ളി അൽത്താഫിന്റെ വീട്ടിൽ നിന്ന് റിവോൾവർ സൂക്ഷിക്കുന്ന ഉറയും കൈവിലങ്ങും എയർ പിസ്റ്റളിൽ ഉപയോഗിക്കുന്ന ഒരു പെട്ടി പെല്ലറ്റും പിടിച്ചെടുത്തു.
അനസുമായി ബന്ധമുള്ള മറ്റൊരാൾ താമസിച്ചിരുന്ന തമിഴ്നാട് ആനമലയിലെ വീട്ടിൽ നിന്ന് തമിഴ്നാട് പൊലീസ് വടിവാൾ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ലാറ്റ്, സംഘത്തിലെ മറ്റൊരു അംഗം നിസാറിന്റെ മഞ്ചേരിയിലെ വീട്, നിസാർ ജോലി ചെയ്യുന്ന ഇടുക്കി രാജാക്കാട്ടെ റിസോർട്ട്, ഇയാളുടെ സുഹൃത്തിന്റെ തമിഴ്നാട് മേട്ടുപ്പാളയത്തെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി.
വയനാട് കല്പറ്റയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന റിസോർട്ടിന്റെ പിൻഭാഗത്ത് തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്പറ്റ പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും പരിശോധന തുടരുകയാണ്. അനസിന്റെ അടുത്ത കൂട്ടാളി പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ വീട്ടിലും പരിശോധന നടത്തി. ഇയാൾ അനസിനൊപ്പം ഗൾഫിലാണ്. റെയ്ഡ് വിവരം പുറത്തായതോടെ ഒളിവിൽപോയ മറ്റ് സംഘാംഗങ്ങൾക്കായി തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ആയുധ നിയമപ്രകാരം താടി റിയാസിനെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.
എട്ടു വർഷം മുമ്പ് റിയാസിന്റെ വീട്ടിൽ നിന്ന് പൊലീസ് മാരകായുധങ്ങൾ പിടികൂടിയിരുന്നു. അന്ന് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാസ് വല്ലപ്പോഴുമേ വീട്ടിൽ എത്താറുള്ളൂ. ആരുമായും അധികം സമ്പർക്കമില്ലെന്ന് നാട്ടുകാർ പറഞ്ഞു.