(സംവിധായകൻ ഹരികുമാറിനെ ആൻ അഗസ്റ്റിൻ അനുസ്മരിക്കുന്നു)
കൊച്ചി: ഹരികുമാറിന്റെ വലിയ സിനിമാജീവിതത്തിൽ ചെറിയൊരു ഭാഗമാകാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. ഞാൻ അഭിനയിച്ച 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ"യിലും ഒരുപാട് പാഷനേറ്റായാണ് അദ്ദേഹം പ്രവർത്തിച്ചത്. സിനിമയെ വലിയതോതിൽ സ്‌നേഹിക്കുന്ന ആളായിരുന്നു. ആ സിനിമയിൽ എനിക്കത് അനുഭവിച്ചറിയാൻ കഴിഞ്ഞു. ഏതു സീനെടുക്കുമ്പോഴും ഒരുപാട് ആസ്വദിച്ചാണ് അദ്ദേഹം ചെയ്തത്. നമുക്ക് ഒത്തിരി നല്ല സിനിമകൾ നൽകിയ ഒരു സംവിധായകനൊപ്പം, അദ്ദേഹത്തിന്റെ വലിയ സിനിമാലോകത്ത് ചെറിയ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു.
ഒരുദിവസം ഫോണിൽ വിളിച്ചാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെന്ന സിനിമയെപ്പറ്റി പറയുന്നത്. കൊച്ചിയിൽ വന്ന് അദ്ദേഹവുമായി സംസാരിച്ചു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും അഭിനയിച്ച സിനിമയാണത്. സ്ത്രീകഥാപാത്രത്തിന് പ്രധാന്യമുള്ള സിനിമയും. എനിക്കു പോലും അതു ചെയ്യാൻ ആത്മവിശ്വാസം കുറവായിരുന്നു. എന്നിൽ വിശ്വാസമർപ്പിച്ച് അദ്ദേഹം നിന്നപ്പോൾ ധൈര്യമായി. ഒരുപാട് പിന്തുണയും പ്രോത്‌സാഹനവും അദ്ദേഹം നൽകി.
അദ്ദേഹത്തിന്റെ മകൾ ഗീതാഞ്ജലി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. മകളിലും അദ്ദേഹം വലിയ പ്രതീക്ഷകൾ പറഞ്ഞിരുന്നു. നല്ല സിനിമകൾ മകൾ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തിന് അഭിമാനം പകരുന്ന രീതിയിൽ മകളുണ്ടാകും സിനിമയിൽ.
ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഹരികുമാർ. മലയാള സിനിമയുടെ ചരിത്രത്തിൽ എന്നുമുണ്ടാകുന്ന പേരാകും ഹരികുമാർ. എന്നെ വിശ്വസിച്ച് സിനിമ തന്നയാളെന്ന നിലയിൽ അദ്ദേഹം എന്നും മനസിലുണ്ടാകും. ആദരവും പ്രാർത്ഥനയും അദ്ദേഹത്തോടുണ്ടാകും.