കൊച്ചി: പൂർണമായും ആഭ്യന്തരമായി പുതിയ മൈക്രോ കൺട്രോളർ ചിപ്പ് ഇന്ത്യ വികസിപ്പിച്ചു. ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.
വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന ഉത്പാദനക്ഷമതയുള്ള സിസ്റ്റം ഓൺ ചിപ്പാണിത്. Secure IoT എന്ന പേരിലാണ് ചിപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. കൺസ്യൂമർ ഇലക്ട്രോണിക്‌സിലും ഡിജിറ്റൽ ഇടപാടുകളിലും ലാഭക്ഷമത വർദ്ധിപ്പിക്കുന്ന ഈ ചിപ്പുകൾ സ്മാർട് വാച്ചുകൾ, വാട്ടർ മീറ്റർ, വൈദ്യുതി മീറ്റർ, ഫാനുകൾ എന്നിവയിലെല്ലാം ഉപയോഗിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ കൺട്രോൾ സിസ്റ്റത്തിനും പ്രയോജനപ്പെടുമെന്ന് മൈൻഡ്‌ഗ്രോവിന്റെ സാരഥി ശേഷാവത് പറഞ്ഞു.