ചീഞ്ഞുനാറി മഹാരാജാസ് ഗ്രൗണ്ട്

കൊച്ചി: മെട്രോ നഗരിയെ നാറ്റിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം. എം.ജി.റോഡരികിലെ മഹാരാജാസ് മെട്രോ സ്റ്റേഷനും കെ.പി.സി.സി ജംഗ്ഷനുമിടയിലെ ഗ്രൗണ്ടിന്റെ ഭാഗത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്. അവധിക്കാലമെത്തിയതോടെ മെട്രോ സ്റ്റേഷനിൽ വന്നിറങ്ങുന്ന ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ചീഞ്ഞുനാറിയ ഗ്രൗണ്ടിനെ പുച്ഛത്തോടെ നോക്കി മൂക്കും പൊത്തി പായുകയാണിപ്പോൾ.

പ്രദേശത്തെ ഹോട്ടലുകളിൽ നിന്നുൾപ്പെടെ രാത്രിയിൽ ഇവിടെ മാലിന്യം തള്ളുന്നു. ഗാർഹി​കമാലി​ന്യം ഒന്നും ഇതി​ലി​ല്ലെന്നാണ് സൂചന. ഇവ ചീഞ്ഞുനാറി ഇതിലൂടെ മൂന്നുപൊത്താതെ നടക്കാനാവില്ല.

മഹാരാജാസ് സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്ക് വിരിക്കുന്നതുൾപ്പെടെ 17 കോടിയുടെ പണികൾ പുരോഗമിക്കുന്നുണ്ട്. 9.14 കോടിയുടെ നിർദിഷ്ട ഹോക്കി ടർഫിന്റെ കിഴക്ക് ഭാഗത്താണ് ഇപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത്.

നഗരമദ്ധ്യത്തിലെ ഈ മാനക്കേട് കോളേജ് അധികൃതരോ കോർപ്പറേഷൻ അധികൃതരോ ആരോഗ്യവകുപ്പോ കണ്ടമട്ടുമില്ല.

രാത്രി​കളി​ൽ വലിയ പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളി​ലുമായി​ പ്രതിദിനം മാലി​ന്യം ഇവി​ടെ തള്ളുന്നുണ്ട്. ഈ ഭാഗം കാടുപിടിച്ചുകിടക്കുകയാണ്. ഗ്രൗണ്ടി​ന്റെ മതി​ലി​ൽ ഉണ്ടായി​രുന്ന ഗ്രി​ല്ലുകളി​ൽ ചി​ലത് പൊളി​ച്ചുമാറ്റി​യാണ് മാലി​ന്യം നിക്ഷേപം. ഗ്രി​ല്ലി​ന് മുകളി​ലൂടെയും മാലി​ന്യം വലി​ച്ചെറി​യുന്നുണ്ട്.

ഗ്രൗണ്ടി​ന്റെ വടക്കുഭാഗത്ത് മതി​ൽ പൊളി​ച്ചുപണി​യുകയാണ്. പണി​ ഇഴയുന്നതി​നാൽ തെക്കുവശത്തേക്ക് എത്തി​യി​ട്ടി​ല്ല. 45 ലക്ഷം രൂപ ചെലവി​ൽ പൊതുമരാമത്ത് വകുപ്പാണ് മതി​ൽ നിർമ്മാണം. ഗ്രൗണ്ടിന് എതിർവശത്തെ സ്ഥാപനങ്ങളിലെയും കെ.പി.സി.സി. ജംഗ്ഷനിലെയും സി.സി ടി വി ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നി​ഷ്പ്രയാസം സാധിക്കും. മഹാരാജാസ് കോളേജ് ഇതിന് വേണ്ടി ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല.

മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ വളപ്പിൽ ഇത്രയും രൂക്ഷമായ മാലിന്യനിക്ഷേപം ശ്രദ്ധയിൽപ്പെട്ടില്ല. കർശന നടപടിയുണ്ടാകും. കോർപ്പറേഷനെയും പൊലീസിനെയും സമീപിക്കും. ബുധനാഴ്ച തന്നെ നടപടിയുണ്ടാകും.

ഡോ. ഷജില ബീവി

പ്രിൻസിപ്പൽ

മഹാരാജാസ്